shiju-divorce

TOPICS COVERED

നടനും ബിഗ് ബോസ് താരവുമായ ഷിജു എ.ആർ. വിവാഹമോചിതനായി. നടന്‍ തന്നെയാണ്  ഔദ്യോഗികമായി വേർപിരിഞ്ഞ കാര്യം അറിയിച്ചത്. 17 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് വേര്‍പിരിയല്‍ തീരുമാനത്തിലെത്തിയത്. പരസ്പര സമ്മതത്തോടും പക്വതയോടും കൂടിയാണ് തീരുമാനമെന്ന് ഷിജു അറിയിച്ചു. വേർപിരിഞ്ഞെങ്കിലും പ്രീതിയുമായി സൗഹൃദം തുടരുമെന്നും ഷിജു  പറയുന്നു.

‘ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വിവരം അറിയിക്കുന്നു.  പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. നല്ല സുഹൃത്തുക്കളായി തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. തികഞ്ഞ പക്വതയോടും ധാരണയോടും കൂടിയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്.  ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ പുതിയ യാത്രയിൽ നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും സഹകരണത്തിനും നന്ദി. ഷിജു എ.ആർ’– ഇതായിരുന്നു വാക്കുകള്‍.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായ ഷിജു, ബിഗ് ബോസ് സീസൺ അഞ്ചിലൂടെയാണ് കുടുംബപ്രേക്ഷകർക്കിടയിൽ വീണ്ടും വലിയ തരംഗമായത്. ഷോയിൽ തന്റെ കുടുംബത്തെക്കുറിച്ചും മകളെക്കുറിച്ചും ഷിജു വാചാലനാകാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നുണ്ടായ ഈ വാർത്ത ആരാധകരെ ഒരേസമയം ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

കുവൈത്ത് എയര്‍വെയ്സിലെ എയര്‍ ഹോസ്റ്റസും ഭരതനാട്യം ഡാന്‍സറുമായ പ്രീതിയുമായി പ്രണയവിവാഹമായിരുന്നു. ഇരുവരും രണ്ട് മതത്തിൽപെട്ടവരായിരുന്നതിനാൽ ഏറെ എതിർപ്പുകൾക്കൊടുവിലായിരുന്നു വിവാഹം. മകള്‍: മുസ്കാന്‍.

ENGLISH SUMMARY:

Shiju AR divorce is now official. The Malayalam actor and Bigg Boss contestant announced his separation from his wife after 17 years of marriage, emphasizing a mutual and respectful decision to remain friends.