വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം വിവാഹമോചനം തേടി യുവതി. ആദ്യരാത്രിയിൽ ഭർത്താവ് ലൈംഗികബന്ധത്തിലേർപ്പെടാൻ ശാരീരികമായി തനിക്ക് കഴിവില്ലെന്ന് സമ്മതിച്ചെന്നും, അതുകൊണ്ടാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കല്യാണ പയ്യന് ഒരു കുട്ടിയുടെ പിതാവാകാൻ സാധിക്കില്ലെന്ന് സ്ഥിരീകരിച്ചെന്നും, ഇക്കാരണത്താല്‍ വിവാഹം ഒഴിയണമെന്നും യുവതി പറഞ്ഞതായി ഗോരഖ്പൂർ പൊലീസ് വ്യക്തമാക്കുന്നു.
സ്ത്രീ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത് ഇപ്രകാരമാണ്; “ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശാരീരികമായി കഴിവില്ലാത്ത പുരുഷനോടൊപ്പം എനിക്ക് ജീവിതം ചെലവഴിക്കാൻ കഴിയില്ല. വിവാഹരാത്രിയിൽ അദ്ദേഹം തന്നെയാണ് എന്നോട് എല്ലാം തുറന്ന് പറഞ്ഞത്. അപ്പോഴാണ് ഞാൻ ഇക്കാര്യം അറിയുന്നത് പോലും.”
സഹ്ജൻവയിലെ ഒരു സമ്പന്ന കർഷക കുടുംബത്തിലെ ദമ്പതികളുടെ ഏക മകനാണ് 25 കാരനായ വരൻ. ഗോരഖ്പൂർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് അദ്ദേഹം. വധുവിന്റെ കുടുംബം താമസിക്കുന്ന ബെലിയാപറിലെ ബന്ധുക്കൾ വഴിയാണ് വിവാഹം നിശ്ചയിച്ചത്.
നവംബർ 28 നാണ് ദമ്പതികൾ വിവാഹിതരായത്. ഡിസംബർ ഒന്നിന് വധുവിന്റെ അച്ഛൻ ഭർതൃവീട്ടിൽ അവളെ കാണാൻ പോയപ്പോഴാണ് മകള്‍ ഇക്കാര്യം പറഞ്ഞത്. വരന്റെ വീട്ടുകാരെ അറിയിക്കാതെ തന്നെ പിതാവ് അവളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഡിസംബർ 3നാണ് ബെലിയാപറിലെ ഒരു ബന്ധുവിന്റെ വീട്ടിൽ വെച്ച് ഇരു കുടുംബങ്ങളും തമ്മില്‍ കണ്ട് ഇക്കാര്യം സംസാരിച്ചത്.
വരന്റെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മറച്ചുവെച്ചതായി വധുവിന്റെ കുടുംബം ആരോപിക്കുന്നു. ഇത് യുവാവിന്‍റെ രണ്ടാം വിവാഹമാണ്. രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മുന്‍ ഭാര്യ ഉപേക്ഷിച്ചുപോവുകയായിരുന്നു. ഇരു കുടുംബങ്ങളും ഒരുമിച്ചാണ് വരനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയത്. വിവാഹത്തിന് ചെലവായ ഏഴ് ലക്ഷം രൂപയും എല്ലാ സമ്മാനങ്ങളും ഒരു മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന് വരന്റെ കുടുംബം സമ്മതിച്ചു. പൊലീസ് ഇടപെടലിനെ തുടർന്നാണ് കുടുംബങ്ങള്‍ തമ്മില്‍ ഒത്തുതീർപ്പിലെത്തിയത്.