റിലീസിനു ഒരു ദിവസം ബാക്കി നിൽക്കുമ്പോൾ അഡ്വാൻസ് ബുക്കിങിൽ റെക്കോഡിട്ട് ദിലീപ് ചിത്രം ‘ഭഭബ’. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രീ സെയിൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. ഈ വര്‍ഷത്തെ ആദ്യ ക്രിസ്മസ് റിലീസുകൂടിയാണ് ചിത്രം. ഈ ആഴ്ച ഹോളിവുഡ് ചിത്രം ‘അവതാർ’ അല്ലാതെ മറ്റു പ്രധാന റിലീസുകളില്ലാത്തതിനാൽ കൂടുതൽ റിലീസ് സെന്ററുകളും ചിത്രത്തിനു ലഭിക്കും.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’ ഡിസംബർ 18നാണ് തിയറ്ററിലെത്തുക. രാവിലെ എട്ട് മണി മുതൽ ഫാൻസ് ഷോ ആരംഭിക്കും. മോഹൻലാലിന്‍റെ അതിഥി വേഷവും സിനിമയുടെ ഹൈപ്പ് കൂടാന്‍ കാരണമായിട്ടുണ്ട്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്.
‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നത് ചുരുക്കിയാണ "ഭ.ഭ.ബ" എന്ന് പേരിട്ടത്. ആക്‌ഷൻ, കോമഡി, സംഗീതം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ആഘോഷ ചിത്രത്തിന്‍റെ തിരക്കഥ ഫാഹിം സഫറും, നൂറിൻ ഷെരീഫുമാണ്.