ഗോകുലും ഗോപാലനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ‘L367’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മേപ്പടിയാനിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹനാണ്. വമ്പൻ കാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാവും ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും.
സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’, ജയറാം - കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന ‘ആശകൾ ആയിരം’, ജയസൂര്യ നായകനായ ‘കത്തനാർ’, നിവിൻ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം, എസ് ജെ സൂര്യ ഒരുക്കുന്ന ‘കില്ലർ’, എന്നിവയാണ് ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന മറ്റ് വമ്പന്‍ ചിത്രങ്ങള്‍.
ജീത്തു ജോസഫിന്‍റെ 'ദൃശ്യം 3', മഹേഷ് നാരായണന്‍ ഒരുക്കുന്ന 'പാട്രിയറ്റ്' എന്നിവയാണ് മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'പാട്രിയറ്റി'നുണ്ട്.