നവ്യ നായരോട് തനിക്കുള്ള ‘ക്രഷ്’ തുറന്നു പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. ലോക ഫുട്ബോൾ താരം ലയണൽ മെസിയെ നേരിട്ടു കാണാനുള്ള അവസരം പോലും വേണ്ടെന്നു വച്ചത് നവ്യ നായർക്കു വേണ്ടിയായിരുന്നുവെന്ന് ധ്യാൻ പറഞ്ഞു, കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ധ്യാനും നവ്യയും.

‘കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച്, പറയുന്നത് ചിലപ്പോൾ കള്ളമായിട്ട് തോന്നും. പക്ഷേ സത്യമാണ്. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാള്‍ വലുതാണോ നിനക്ക് നവ്യ എന്ന് അവൻ ചോദിച്ചു. അതേ എന്ന് ഞാൻ പറഞ്ഞു. ഞാൻ ഈ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഒരു ഗോട്ട് നായികയുമായാണ് എന്റെ പഴയൊരു ഇന്റർവ്യൂ ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടെയാണ് എന്റെ ഇന്റർവ്യൂ കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഒരുപാട് ആ​ഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാൻ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാള്‍ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്’’, എന്നായിരുന്നു ധ്യാൻ പറഞ്ഞത്.

ധ്യാനിന്റെ വാക്കുകൾ കേട്ട് ചിരിയടക്കാൻ പാടുപെടുന്ന നവ്യയെയും കാണാം. ധ്യാനും തന്റെ മകൻ സായിയും ഏകദേശം ഒരു സ്വഭാവമുള്ളവരാണെന്നായിരുന്നു നവ്യയുടെ മറുപടി. ധ്യാനെപ്പോലെ തന്നെ കളിയാക്കാൻ മകൻ മിടുക്കനാണെന്നും സായിയുമൊത്തുള്ള തന്റെ വീഡിയോയിലും ധ്യാനിനെ ചേർത്തുള്ള കമന്റുകൾ വരാറുണ്ടായിരുന്നുവെന്നും നവ്യ പറഞ്ഞു.

ENGLISH SUMMARY:

Dhyan Sreenivasan confesses his crush on Navya Nair. The actor stated he chose an event with actress Navya Nair over the opportunity to meet Lionel Messi.