നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരെ വിമര്‍ശനവുമായി നടി ശില്‍പ ബാല. ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്കാണെന്നും സംരക്ഷണം ആണോ നിയന്ത്രണമാണോ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നതെന്നും ശില്‍പ ചോദിച്ചു. പ്രായം, കുടുംബം, അമ്മ ഈ പറഞ്ഞതെല്ലാം അവള്‍ക്കും ഉണ്ടെന്ന് ശില്‍പ കുറിച്ചു.
'എട്ട് വര്‍ഷങ്ങള്‍ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി. എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാന്‍ വേണ്ടി. എന്നിട്ട് ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്? സംരക്ഷണം ആണോ അതോ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഇത് നിയന്ത്രണം ആണോ?'' എന്നാണ് ശില്‍പ ബാലയുടെ പ്രതികരണം.
പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവാണ് വിചാരണ കോടതി വിധിച്ചത്. പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ് പറഞ്ഞു. ശിക്ഷ വിധിക്കുമ്പോള്‍ കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്നും സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായിരിക്കണം എന്നും വിധിയില്‍ പറഞ്ഞു. കേസിലെ എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ടു.
അതേസമയം വിധിയില്‍ പ്രതികരണവുമായി അതിജീവിത രംഗത്തെത്തിയിരുന്നു. വിധി അദ്ഭുതപ്പെടുത്തുന്നില്ലെന്ന് അതിജീവിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിചാരണക്കോടതിയില്‍ നേരത്തെ വിശ്വാസം നഷ്ടപ്പെട്ടു. നിയമത്തിനുമുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരല്ല എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി. തന്‍റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ചില്ല. വിചാരണ ഓപ്പണ്‍ കോടതിയില്‍ വേണമെന്ന ആവശ്യം നിരാകരിച്ചുവെന്നും പോസ്റ്റില്‍ അതിജീവിത പറഞ്ഞു.