മുൻ എംഎൽഎയും സിപിഎം സഹയാത്രികനും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടി മാല പാര്‍വതി രംഗത്തുവന്നിരുന്നു. പോസ്റ്റില്‍ 'നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും .. കൂടുതൽ ശക്തമായി അപലപിക്കുന്നു.' എന്നാണ് നടി കുറിച്ചത്. എന്നാല്‍ പോസ്റ്റ് വലതുപക്ഷ സൈബര്‍ ഹാന്‍ഡിലുകള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ തന്‍റെ പോസ്റ്റ് പ്രചരിപ്പിച്ച പോരാളി വാസു എന്ന വലത് സൈബര്‍ ഹാന്‍ഡിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. തന്‍റെ പോസ്റ്റ് വളച്ചൊടിച്ചു എന്നാണ് നടി പോരാളി വാസുവിനെതിരെ പുതിയ പോസ്റ്റില്‍ കുറിച്ചത്. നടിയുടെ പോസ്റ്റിലെ വരികള്‍ മാറ്റി മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പെടുത്തിയായിരുന്നു പോരാളി വാസുവിന്‍റെ പോസ്റ്റ്. 'പിണറായി വിജയന് പി.ടി കുഞ്ഞുമുഹമ്മദിന്‍റെ ലൈംഗിക പീഡനക്കേസില്‍ നേരം വെളുക്കാത്തത് അദേഹം സഖാവ് ആയതിനാലും ഇടതുപക്ഷം ആയതിനാലും' എന്നായിരുന്നു പോരാളി വാസുവിന്‍റെ പോസ്റ്റ്.
എന്നാല്‍ ഈ പോസ്റ്റ് എടുത്താണ് മാലാ പാര്‍വതി തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് കുറിച്ചത്. പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി കേസെടുപ്പിച്ചു. അദേഹം ദീര്‍ഘദര്‍ശനമുള്ള, കരുത്തനായ, സമചിത്തതയുള്ള, നീതിമാനായ മുഖ്യമന്ത്രിയാണ്. തന്‍റെ പോസ്റ്റ് മുഖ്യമന്ത്രിയെക്കുറിച്ചായിരുന്നില്ല, മറിച്ച് പി.ടി കുഞ്ഞുമുഹമ്മദിനെക്കുറിച്ചായിരുന്നു. താന്‍ ഏറെ ആദരവോടെ കണ്ടിരുന്ന വ്യക്തിയാണ്. ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണയും ആര്‍ദ്രതയുമുള്ള നേതാവായാണ് അദേഹത്തെ മനസിലാക്കിയിരുന്നത്. ആരോപണമുയര്‍ന്നപ്പോള്‍ വിഷമത്തില്‍ പി.ടിക്ക് നേരം വെളുത്തില്ലേ എന്നാണ് ഉദ്ദേശിച്ചത് മുഖ്യമന്ത്രിക്ക് എന്നല്ല.. എന്ന് നടി പറഞ്ഞു. ഉദ്ദേശിക്കാത്തത് പറഞ്ഞത് തെറ്റായെന്ന് പോരാളിവാസുവിനോട് മാലാ പാര്‍വതി പറഞ്ഞു.