നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയില്‍ പ്രതികരിക്കാതെ ‘അമ്മ’യുടെ തലപ്പത്തിരിക്കുന്നവര്‍ എസ്കേപ് ആയെന്ന് നടന്‍ ബാബുരാജ്. കോടതി വിധിയിൽ പ്രതികരണം നടത്താൻ ‘അമ്മ’ നേതൃത്വം ബാധ്യസ്ഥരാണ്. അമ്മ മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ആയിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്നും അദ്ദേഹം മാറിയത് നന്നായിയെന്നും ബാബുരാജ്. ‘പൊങ്കാല’ സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.
താനൊരു വക്കീലായതുകൊണ്ട് കോടതിവിധിയെ ബഹുമാനിക്കണമല്ലോ, മേല്‍ക്കോടതികളുണ്ടല്ലോ, അത് അതിന്‍റെ വഴിയേ വരട്ടെ, അതിജീവിതയ്ക്ക് നീതി ലഭിച്ചോയെന്ന് പറയാന്‍ താന്‍ ആളല്ലെന്നും തെറ്റും ശരിയും തീരുമാനിക്കേണ്ടത് കോടതിയാണെന്നും നമുക്ക് മറുപടി പറയാന്‍ അവകാശമില്ലെന്നും ബാബുരാജ് പറയുന്നു.
ഇപ്പോഴത്തെ ഭരണം നന്നായി നടക്കുന്നുണ്ട്, അമ്മയില്‍ താനിപ്പോള്‍ ഒരംഗം മാത്രമാണ്, ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സംഘടനയെ നയിക്കുന്നവരാണെന്നും നടന്‍ പറയുന്നു. അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെയെന്നും ബാബുരാജ് ചോദിക്കുന്നു.
‘ഇവരായതുകൊണ്ട്, ഇവര്‍ക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്.
അതിജീവിതയോടുള്ള സ്നേഹവും അനുകമ്പയും എന്നും നിലനിൽക്കുമെന്നും, കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നു പറഞ്ഞപോലെ, അതിൽ ഏത് വശമാണ് സത്യമെന്നാണ് അറിയേണ്ടതെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയെക്കുറിച്ച് പ്രതികരിക്കാത്തത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് ബാബുരാജിന്‍റെ പ്രതികരണം