സൂപ്പര്‍താരം തമന്നയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ നിന്നും പൊതുവിടങ്ങളില്‍ നിന്നും അപ്രത്യക്ഷനായതിനെ കുറിച്ചും തുറന്ന് പറഞ്ഞ് നടന്‍ വിജയ് വര്‍മ. വിവാഹത്തോളമെത്തിയ ബന്ധം അപ്രതീക്ഷിതമായി ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. പ്രണയബന്ധം പൊതുവിടത്തിലേക്കെത്തിയത് തന്‍റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചിരുന്നുവെന്നും ആളുകള്‍ പ്രത്യേക കണ്ണിലൂടെ നോക്കാന്‍ തുടങ്ങിയെന്നും വിജയ് പറയുന്നു. അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. പക്ഷേ ഒന്നും എന്‍റെ നിയന്ത്രണത്തിലായിരുന്നില്ല'- വിജയ് വിശദീകരിച്ചു.
തന്‍റെ ജീവിതവും ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു. എല്ലാ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞുവെന്നും ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായെന്നും വിജയ് HT Cityയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. തമന്നയുമായുള്ള പ്രണയകാലത്തിനിടയില്‍ പുതിയ സിനിമകളൊന്നും ലഭിച്ചില്ലെന്നും ആളുകള്‍ക്ക് മറ്റുപലതും ചര്‍ച്ച ചെയ്യാനായിരുന്നു താല്‍പര്യമെന്നും കരിയറില്‍ അത്തരമൊരു കാലം മുന്‍പ് വന്നിട്ടില്ലെന്നും വിജയ് പറഞ്ഞു. സ്വസ്ഥമായിരിക്കാനാണ് താന്‍ ആഗ്രഹിച്ചത്. പക്ഷേ അതുമാത്രം ഒരിക്കലും നടന്നില്ല. സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഇത് തന്നെ വല്ലാതെ ഉലച്ചു കളഞ്ഞുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
2023ലാണ് വിജയ്യും തമന്നയും പ്രണയത്തിലായത്. മുംബൈയില്‍ വിവാഹത്തിനായി ഒരുക്കങ്ങള്‍ തുടങ്ങിയെന്നും വിവാഹശേഷം കഴിയാനുള്ള വസതി വാങ്ങിയെന്നുമെല്ലാം വാര്‍ത്തകള്‍ പുറത്തുവന്നു. പിന്നാലെ ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണ് താരം. 'ഗുസ്താഖ് ഇഷ്കാ'ണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. 14 മാസത്തിന് ശേഷമാണ് വിജയ്യുടെ ചിത്രം തിയേറ്ററുകളിലെത്തുന്നത്.