നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതേ വിട്ടതിന് പിന്നാലെ പ്രതികരണവുമായി നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. വിധി ഇങ്ങനെയേ വരൂവെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ജഡ്ജി തുടക്കം മുതല്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. നടിയും ദിലീപും തന്‍റെ സുഹൃത്തുക്കളായിരുന്നു. ദിലീപിനെ വെറുപ്പിച്ചാണ് നടിയ്ക്കൊപ്പം നിന്നത്. നടിക്കുവേണ്ടി നല്ല വക്കീലിനെ വയ്ക്കണമെന്ന് താന്‍ പലവട്ടം പറഞ്ഞിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ മനോരമന്യൂസിനോട് പറഞ്ഞു. അതിനായി താന്‍ പണം മുടക്കാമെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പുറത്താക്കിയ സംഘടനകളില്‍ തിരിച്ചുകയറാന്‍ ദിലീപിന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് വാശിക്കാരനാണെന്നും ലിബര്‍ട്ടി ബഷീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതിങ്ങനെ: ' ഈ വിധി നേരത്തെ പ്രതീക്ഷിച്ച വിധിയാണ് അതിനുള്ള കാരണം ഇപ്പോ നാലു പ്രതികളെ ശിക്ഷിച്ചു എന്നുള്ളത് സത്യം തന്നെയാണ് അതൊരു പ്രോസിക്യൂഷന്‍റെ വിജയമായിട്ട് ഞാൻ കാണുന്നില്ല അതിനുള്ള കാരണം, ആദ്യഘട്ടത്തിൽ ഒരു പ്രോസിക്യൂഷൻ വന്നു, രണ്ടാമത്തെ ഘട്ടത്തിൽ മറ്റൊരു പ്രോസിക്യൂഷൻ വന്നു, മൂന്നാമത്തെ ഘട്ടത്തിൽ വേറൊരു പ്രോസിക്യൂഷൻ വന്നു. ഈ കുട്ടിയോട് പലപ്രാവശ്യം ഞാൻ നേരിട്ട് ആവശ്യപ്പെട്ടതാണ് സ്വന്തമായിട്ട് ഒരു വക്കീലിനെ വെക്കാൻ വേണ്ടിയിട്ട്. ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് പകരം സ്വന്തമായിട്ട് ഏത് പ്രതിക്കും അവരവരുടെ വക്കീലിനെ വയ്ക്കാനുള്ള ഇന്ത്യൻ നിയമത്തിൽ അവകാശപ്പെട്ടതാണ് അവർക്ക് സ്വന്തം വക്കീലിനെ വയ്ക്കാൻ വേണ്ടിയിട്ട്.
അതുമാത്രമല്ല, ഞാൻ പലപ്രാവശ്യം സന്ധ്യ മേഡത്തിനെ നേരിട്ട് തിരുവനന്തപുരത്തെ ക്യാമ്പ് ഹൗസിൽ പോയിട്ട് നേരിട്ട് കണ്ടിട്ട് ഞാൻ പറഞ്ഞു.. മാഡം, ഈ പ്രോസിക്യൂഷനും ഉള്ള വക്കീൽമാരും പോരാ.. സുപ്രീംകോടതിയിൽ നിന്ന് നല്ലൊരു വക്കീലിനെ കൊണ്ടുവന്നിട്ട് വയ്ക്കാം. അതിനുള്ള പൈസ വരെ ഞാൻ കൊടുക്കാം എന്ന് പറഞ്ഞിട്ട് മാഡവും സമ്മതിച്ചില്ല. മാഡം ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അപ്പൊ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പ്രോസിക്യൂഷന്റെ വീഴ്ച തന്നെയാണ് ഇത്. കാരണം, ദിലീപിനെ സംബന്ധിച്ച് ദിലീപ് പ്രഗൽഭന്മാരായ വക്കീൽമാരെ കൊണ്ടുവന്നു, ഡൽഹിയിൽ നിന്നും സുപ്രീം കോടതിയില്‍ ഹാജരാകുന്ന വക്കീലുമാരെയും, കേരളത്തിൽ തന്നെയുള്ള പ്രഗൽഭ വക്കീലുമാരെയും കൊണ്ടുവന്നു. ഇന്നത്തെ കാലത്ത് പൈസ ചിലവാക്കുന്ന കൂട്ടർക്ക് മാത്രമാണ് വിധി. ന്യായം കിട്ടുന്നില്ല അതാണ് ഇന്നത്തെ അവസ്ഥ അതാണ്. ഇവളൊന്നും പൈസ ചിലവാക്കിയിട്ടുമില്ല, നല്ല നല്ല വക്കീലുമാരെ കൊണ്ടുവന്നിട്ടുമില്ല, ആരും പറയുന്നത് കേട്ടിട്ടുമില്ല. അത് നമ്മൾ പ്രതീക്ഷിച്ചതാണ് ഈ വിധി ഇങ്ങനെ ഉണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചതാണ്.
ഒന്നാമത്തെ കാരണം, ഈ കേസിന്റെ തുടക്കം മുതലേ ഈ കുട്ടിക്കുള്ള തിക്താനുഭവം, വിചാരണ വേളയില്‍ ഉണ്ടായ തിക്താനുഭവം മാധ്യമങ്ങളിലൂടെ ഓരോ സമയത്തും നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുന്നു അതെല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ടുമാണ് ഈ കുട്ടിയുടെ അഡ്വൈസ് ചെയ്തത്. കാരണം ഞാൻ സിനിമയിൽ കൊണ്ടുവന്ന വ്യക്തിയാണ് ഈ കുട്ടി. അത്രയും അടുപ്പുള്ള കുട്ടിയാണ്... അപ്പൊ എല്ലാം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. പക്ഷേ അതൊന്നും അനുസരിച്ചിട്ടില്ല. അനുസരിക്കുക മാത്രമല്ല, അവളെ സംബന്ധിച്ച് സന്ധ്യ മാഡം അവളുടെ ലോക്കൽ ഗാർഡിയനെ മാതിരിയാരുന്നു. എന്തുകാര്യവും സന്ധ്യ മാഡത്തോട് മാത്രം ചോദിച്ചിട്ട് ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.
ഒരിക്കലും ഈ കേസ് വിജയിക്കൂല്ലാന്നുള്ളത് നമുക്ക് നേരത്തെ അറിയാം. മാനസികമായിട്ട് നമ്മള്‍ ആ കേസ് ഒഴിവാക്കിയതായിരുന്നു. വെറുതെ ഇവള്‍ക്ക് വേണ്ടി വാദിച്ചല്ലോ എന്നുള്ള തോന്നൽ വരെ ഉണ്ടായിപ്പോയിട്ടുണ്ട്. കാരണം, ദിലീപ് എന്റെ സ്നേഹിതനാണ് ഇവളും എന്റെ ഫ്രണ്ട് ആണ്. അപ്പൊ ദിലീപിനെ കൂടി വെറുപ്പിച്ചാണ് ഇവള്‍ക്ക് വേണ്ടി വാദിച്ചത്. പക്ഷെ ഇവള്‍ നിന്നില്ല അങ്ങോട്ട്. ഇത് പ്രോസിക്യൂഷൻ പരാജയം തന്നെയാണ്. ഒരു സംശയവുമില്ലാത്ത കാര്യമാണ്.
സാക്ഷികൾ കൂറുമാറിയെന്ന്, സാക്ഷികൾ കൂറുമാറുന്നു എന്നുള്ളത് ബൈജു പൗലോസും സുദര്‍ശനും അറിയാവുന്ന എല്ലാ ആള്‍ക്കാരെയും സാക്ഷികളാക്കി മാറ്റിയിട്ടുണ്ട്. പക്ഷെ അവർ ആവശ്യത്തിനുള്ള സാക്ഷികളിലും ഇവർക്ക് കേസിന്റെ അനുകൂലമായിട്ട് പറയുന്ന സാക്ഷികളെല്ലാം ഇവർക്ക് അനുകൂലമായിട്ട് പറഞ്ഞിട്ടുണ്ട്. അതിലൊന്നും മാറ്റമില്ല. അതിൽ നിന്ന് പറയുകയാണെങ്കില്‍, മഞ്ജു വാരിയരുടെ മൊഴി മാത്രം മതിയല്ലോ, അങ്ങനത്തെ പല സാക്ഷികളും ഇവർക്ക് അനുകൂലമായിട്ട് പറഞ്ഞ സാക്ഷികളുണ്ട്. അങ്ങനെ പേരെടുത്ത് ഞാൻ പറയുന്നില്ല പല സാക്ഷികളും ഇവള്‍ക്ക് അനുകൂലമായിട്ട് പറഞ്ഞ സാക്ഷികളുണ്ട്. അവസാനം വന്ന ബാലചന്ദ്രമേനോന്റെ ദീർഘമായ, 48 ദിവസമായി വിചാരണ ചെയ്തെന്ന് പറയുന്നുണ്ട്. അപ്പോള്‍ സാക്ഷി കൂറുമാറിയത് കൊണ്ട് ഗൂഢാലോചന തെളിയിക്കപ്പെടാതെ പോകുന്നില്ല. ഇത് പരാജയം പ്രോസിക്യൂഷന്‍റേതാണ്.
പിന്നെ ഒരു വൺ സൈഡ് ആയിട്ടാണ് ജഡ്ജി തുടക്കം മുതലേ... കേസിന്റെ വിചാരണ ആരംഭിച്ചതു മുതൽ ഇവളുടെ വിചാരണ സമയത്ത് ഇവള്‍ക്കുള്ള തിക്താനുഭവം മനസ്സിലാക്കേണ്ട ജഡ്ജി ഒരു സൈഡിലേക്ക് പോയിക്കൊണ്ടിരുന്നത്. രക്ഷപ്പെടുത്തണം എന്നുള്ള ഒരു ചിന്ത ജഡ്ജ് വിചാരിച്ചു കഴിഞ്ഞാൽ കേസിൽ പെട്ട കുറ്റാരോപിത ആരായാലും രക്ഷപ്പെടുത്താൻ കഴിയും. ഇത് പ്രോസിക്യൂഷന്റെ പരാജയം തന്നെയാണ് സംശയമില്ലാത്ത കാര്യമാണ്. ഇപ്പോ ഗവൺമെന്റ് അപ്പീൽ പോകുന്നുവെന്ന് പറയുന്നുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും ഉണ്ടല്ലോ, അപ്പോള്‍ എന്താ സംഭവിക്കുക എന്ന് ദൈവത്തിന് മാത്രമേ അറിയാൻ പറ്റൂ.. പക്ഷെ എന്തായാലും വിചാരണാക്കോടതിയിലെ മാതിരി ആയിരിക്കില്ല.
ദിലീപിനെ പുറത്താക്കിയ സംഘടനകളില്‍, ദിലീപ് അപേക്ഷ കൊടുത്താൽ തീർച്ചയായിട്ടും എടുക്കും. കാരണം അമ്മയെന്ന സംഘടന ഇവളുടെ കൂടെ അന്നും ഉണ്ടായിട്ടില്ല, ഇന്നും ഉണ്ടായിട്ടില്ല. ഉണ്ടാവാൻ പോകുന്നുമില്ല. ഇനി തിരിച്ച് ദിലീപ് ഒരു മെമ്പർഷിപ്പ് പുതുക്കണം എന്ന് പറഞ്ഞാൽ തീർച്ചയായിട്ടും, നിയമം തന്നെ അനുവദിക്കുന്നില്ലേ മെമ്പർഷിപ്പ് പുതുക്കി കൊടുക്കാൻ വേണ്ടിയിട്ട്. അത് ദിലീപ് എടുക്കുകയും ചെയ്യും. ദിലീപ് അത്രയും വാശിക്കാരനാണ്. അതിലൊന്നും ഒരു സംശയവുമില്ലാത്ത കാര്യമാണ്. നിയമം അനുശാസിക്കുന്നതാണ്. പുതുക്കി കൊടുക്കുകയും ചെയ്യും'.