Image Credit: instagram.com/samantharuthprabhuoffl
തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമ്മാതാവ് രാജ് നിഡിമോരുവും വിവാഹിതരായതായി. ഡിസംബർ 1 ന് രാവിലെ ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്‍ററില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 30 അതിഥികൾ മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ സാമന്ത തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടു തന്നെ സാമന്തയും രാജും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പൊതുവേദികളില്‍ പതിവായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സാമന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നത്. ഇരുവരും വാര്‍ത്തകളെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ഫാമിലി മാന്‍ സീരിസില്‍ അഭിനയിക്കുന്നതിനിടെയാണ് രാജും സാമന്തയും പ്രണയത്തിലായതെന്നാണ് സൂചന.
സാമന്തയുടെ രണ്ടാം വിവാഹമാണിത്. നടൻ നാഗ ചൈതന്യയുമായായിരുന്നു സാമന്തയുടെ ആദ്യവിവാഹം. 2021 ൽ അവർ വിവാഹമോചനം നേടി. രാജ് നിഡിമോരുവിന്‍റെയും രണ്ടാം വിവാഹമാണ്. ശ്യാമാലി ദേയെയായിരുന്നു മുന്‍പ് രാജ് വിവാഹം കഴിച്ചിരുന്നത്. 2022 ൽ അവർ വേർപിരിഞ്ഞു.
image: instagram.com/samantharuthprabhuoffl/