മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ പ്രീ റിലീസ് ടീസർ പുറത്ത്. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങിലാണ് ടീസർ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ടീസർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ 23 നായികമാരും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്നാണ് പ്രീ റിലീസ് ടീസർ ലോഞ്ച് ചെയ്തത്. ഇവരെ കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ടീസർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. മുജീബ് മജീദ് സംഗീതം നൽകിയ തമിഴ് റെട്രോ ശൈലിയിലുള്ള ഗാനങ്ങൾക്ക് വമ്പൻ പ്രശംസയാണ് ലഭിക്കുന്നത്. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവൽ കാത്തിരിക്കുന്നത്.