മലയാളത്തില്‍ സെന്‍സേഷണലായ ചിത്രമാണ് 2022ല്‍ പുറത്തുവന്ന 'തല്ലുമാല'. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകനായത്. പലതരം തല്ലിനെ ആസ്പദമാക്കി അതെല്ലാം കോര്‍ത്തിണക്കി വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ട സിനിമയെ ആക്ഷന്‍ സിനിമകളില്‍ മലയാളത്തിലെ നാഴികക്കല്ലായാണ് പലരും വിലയിരുത്തിയത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്, അദ്രി ജോ, ഓസ്റ്റിന്‍, ബിനു പപ്പു, സ്വാതി ദാസ് പ്രഭു എന്നിവരുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനായിരുന്നെങ്കിലോ? അത്തരമൊരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 'തല്ലുമാല' പോസ്റ്ററുകളില്‍ ടൊവിനോയ്ക്ക് പകരം ദുല്‍ഖറിന്‍റെ മുഖം ഉള്‍പ്പെടുത്തിയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതോടൊപ്പം ഇരുവരുടേയും ആരാധകരും രണ്ട് തട്ടിലായിട്ടുണ്ട്. ദുല്‍ഖറായിരുന്നു മികച്ചതെന്നും അതല്ല, മറ്റാരേയും സങ്കല്‍പ്പിക്കാനാവാത്ത വിധം ടൊവിനോ മികച്ചതാക്കിയെന്നും ഇരുവിഭാഗവും വാദിക്കുന്നു. ടൊവിനോ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ച കഥാപാത്രമാണെന്നും പോസ്റ്ററുകളില്‍ ദുല്‍ഖറും നന്നായി ചേരുന്നുവെന്നും പറയുന്നവരുണ്ട്.
അതേസമയം ഒരു ആക്ഷന്‍ പടത്തിലൂടെ തന്നെ ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'അയാം ഗെയി'മാണ് ഇനി മലയാളത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രം. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.