sree-ayyappan

TOPICS COVERED

'ശ്രീ അയ്യപ്പന്‍' സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ പറ്റി സംസാരിച്ചതിനുപിന്നാലെ വിവാദത്തിലായി സംവിധായകന്‍ വിഷ്​ണു വെഞ്ഞാറമൂട്. ബാബറി മസ്​ജിദ് ദിനത്തില്‍ തീവ്രവാദികള്‍ ശബരിമല ആക്രമിക്കുന്നതാണ് സിനിമയുടെ സബ്ജെക്ട് എന്നാണ് വിഷ്ണു പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു വിഷ്​ണു കഥയെ പറ്റി സംസാരിച്ചത്. 

'തീവ്രവാദികള്‍ ഡിസംബര്‍ ആറിന്, ശബരിമല ആക്രമിക്കാന്‍ വരുന്നതാണ് നമ്മുടെ വിഷയം. ശബരിമലയെ പറ്റിയോ അയ്യപ്പനെ പറ്റിയോ ഇതിനുമുന്‍പ് ഇങ്ങനെയൊരു കഥ വന്നിട്ടില്ല. അയ്യപ്പനെ പറ്റിയുള്ള എല്ലാ സിനിമയും ഒരേ രീതിയില്‍ തന്നെയാണ്. അവസാനം അയ്യപ്പന്‍ രക്ഷിക്കുന്ന  തരത്തിലായിരിക്കും കഥാതന്തു. അതില്‍ നിന്ന് വ്യത്യസ്തമായി  കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള കണ്ടന്‍റുകളും ചേര്‍ത്തിട്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ നമ്മുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ടല്ലോ. അതും ചിത്രത്തില്‍ പ്രതിപാദിക്കുന്നു. രണ്ട് വര്‍ഷം മുന്‍പേ തുടങ്ങിയതാണ് ഈ സിനിമയെന്നും വിഷ്​ണു പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തിന്‍റെ  വിഡിയോ പുറത്തുവന്നതിന് പിന്നാലെ വിഷ്​ണുവിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സംവിധായകന്‍ ഈ സിനിമയിലൂടെ നടത്തുന്നതെന്നാണ് കമന്‍റുകള്‍.  'ഒരു ഓലപ്പടക്കം പോലും ഇന്നുവരെ ആരും ശബരിമലയിലേക്ക് എടുത്തെറിഞ്ഞതായി അറിയില്ല. എന്നാലും തമ്മിലടിപ്പിക്കാൻ അതൊന്നു സിനിമയിലൂടെയെങ്കിലും കാണിക്കണം ചിലർക്ക്,' എന്നാണ്  ഒരു കമന്‍റ്. ' ജനങ്ങളെ എങ്ങനെ തമ്മിൽ തല്ലിക്കാമെന്ന്  നോക്കി നടക്കുന്നു കുറെ പേര്‍,' എന്നാണ് മറ്റൊരു വിമര്‍ശനം. 'കേരളത്തിൽ ഒരു ആരാധനാലയത്തിലും തീവ്രവാദി ആക്രമണം നടന്നിട്ടില്ല. ഇത്രയും സമാധാന അന്തരീക്ഷം ഉള്ള കേരളം കണ്ടിട്ട് സഹിക്കുന്നില്ലെന്നു തോന്നുന്നു എന്നാണ ഒരാള്‍ കുറിച്ചത്. സംവിധായകന്‍റെ പരാമര്‍ശത്തിനെതിരെ ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത് ഇത്തരത്തിലാണ്. 

ENGLISH SUMMARY:

Vishnu Venjaramoodu controversy revolves around his upcoming movie, Sree Ayyappan, which depicts a fictional terrorist attack on Sabarimala. The director's remarks have sparked significant backlash for potentially disrupting communal harmony.