സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് വിനായകന്‍. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണ വിഭാഗത്തില്‍ വരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിന്‍ കെ. ജോസ് ആണ്. കളങ്കാവലിലെ വേഷം മമ്മൂക്കയുടെ സമ്മാനമാണെന്നും വിനായകന്‍ പറയുന്നു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തിലാണ് വിനായകന്‍ മനസുതുറന്നത്.
വിനായകന്‍റെ വാക്കുകള്‍ ഇങ്ങനെ...'മമ്മൂക്ക തന്നെ പറയുന്നു വിനായകനെ വെച്ച് ചെയ്യിക്കാമെന്ന്..ജന്മത്തിലെ ഭാഗ്യങ്ങളാണിതൊക്കെ. മമ്മൂക്കയുടെ ഓപ്പോസിറ്റ് കഥാപാത്രമായി ഇത്രയും വലിയ സിനിമയൊക്കെ ചെയ്യുക എന്നുപറയുന്നത് ഭാഗ്യമാണ്'. ചിത്രത്തില്‍ വിനായകന്‍ നായകനോ അതോ വില്ലനോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. 'മമ്മൂക്കയുടെയും തന്‍റെയും കഥാപാത്രങ്ങളുടെ സ്വഭാവം ഒന്നാണ്. സര്‍ (മമ്മൂട്ടി) ചെയ്യുന്ന കഥാപാത്രത്തിന് സാറിന്‍റേതായ സത്യങ്ങളുണ്ട്. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന് എന്‍റേതായ സത്യങ്ങളുമുണ്ട്. പക്ഷേ ഞാനൊരു സിസ്റ്റത്തിന്‍റെ ആളാണ്. മറ്റേതൊരു ഫ്രീഡത്തിന്‍റെ എക്സ്ട്രീം വേരിയേഷന്‍സാണ് ' നിറയെ സസ്പെന്‍സുകള്‍ ഒളിപ്പിച്ചുവച്ച് വിനായകന്‍ പറഞ്ഞു.
വിനായകന്‍റെ സ്ഥിരം ശൈലിയിലുളള ലൗഡ് ആയ കഥാപാത്രത്തെ തന്നെ കളങ്കാവലില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് താരത്തിന്‍റെ മറുപടി ഇങ്ങനെ... 'അല്ല, വിനായകന്‍റെ കൈയ്യും കാലുമെല്ലാം വെട്ടിക്കളഞ്ഞു ജിതിന്‍. അങ്ങനെയൊന്നും ചെയ്യണ്ട ചേട്ടന്‍. ഞങ്ങള്‍ പറയുന്നപോലെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അതാണ് എനിക്ക് തോന്നുന്നത്. പതിവ് ശൈലി പോലെ ലൗഡ് ആക്കിയിട്ടില്ല എന്നെ എന്നാണ് എന്‍റെ വിശ്വാസം' വിനായകന്‍ പറയുന്നു.
അതേസമയം ദുല്‍ഖര്‍ ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും.