തന്‍മാത്രയിലെ ഇന്‍റിമേറ്റ് രംഗത്തിന് മുന്‍പ് സൂപ്പര്‍താരവും നായകനുമായ മോഹന്‍ലാല്‍ തനിക്കടുത്തെത്തി മാപ്പു പറഞ്ഞിരുന്നുവെന്ന് നടി മീരാ വാസുദേവ്. താരത്തിന്‍റെ പ്രഫഷനലിസത്തെയും സഹാനുഭൂതിയെയുമാണ് അത് വ്യക്തമാക്കുന്നതെന്നും റെഡ് കാര്‍പെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. 'ആ രംഗം എന്നെക്കാളേറെ വെല്ലുവിളി സൃഷ്ടിച്ചത് അദ്ദേഹത്തിന് തന്നെയായിരുന്നു. പൂര്‍ണ നഗ്നനായാണ് ആ രംഗത്തില്‍ അദ്ദേഹം അഭിനയിച്ചത്. ചിത്രീകരണത്തിന് മുന്‍പ് അദ്ദേഹം അടുത്തെത്തി, ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാല്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിച്ചു'– മീര പറയുന്നു. തീര്‍ത്തും സ്വകാര്യവും സുരക്ഷിതവുമായ ചിത്രീകരണമാണ് ബ്ലസിയും സംഘവും ഒരുക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍നിര നായികമാര്‍ പലരും ഇന്‍റിമേറ്റ് രംഗമുള്ളതിനാല്‍ തന്‍മാത്രയില്‍ നിന്ന് പിന്‍മാറിയിരുന്നുവെന്നും മീര വെളിപ്പെടുത്തി. 'സിനിമയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ബ്ലസി ആ ലവ് മേക്കിങ് സീനിനെ കുറിച്ച് പറഞ്ഞു. ഈ രംഗമുള്ളതിനാല്‍ മുതിര്‍ന്ന നടിമാര്‍ പലരും പിന്‍മാറിയെന്നും അദ്ദേഹം വിശദീകരിച്ചു. ഈ രംഗം എന്തുകൊണ്ടാണ് ചിത്രത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നതെന്ന ചോദ്യത്തിന് അദ്ദേഹം അതിന്‍റെ വൈകാരിക പരിസരങ്ങള്‍ വിവരിച്ചു തന്നു. രമേശന്‍റെ പ്രയാസങ്ങള്‍ പങ്കാളിക്ക് അതേ തീവ്രതയോടെ മനസിലാകാന്‍ അത് അത്യാവശ്യമായിരുന്നുവെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മീര പറയുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് മീര. അടുത്തയിടെയാണ് താന്‍ മൂന്നാമത്തെ വിവാഹബന്ധവും വേര്‍പെടുത്തിയ വിവരം മീര സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 2024ലാണ് ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കത്തെ മീര വിവാഹം കലിച്ചത്. ഓഗസ്റ്റില്‍ തങ്ങള്‍ പിരിഞ്ഞുവെന്നും ഇപ്പോള്‍ സിംഗിളാണെന്നും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും താരം കുറിച്ചിരുന്നു. വിശാല്‍ അഗര്‍വാളായിരുന്നു താരത്തിന്‍റെ ആദ്യ ഭര്‍ത്താവ്. 2005ലായിരുന്നു ഈ വിവാഹം. 2010 ല്‍ ഈ ബന്ധം അവസാനിച്ചു. പിന്നീട് നടന്‍ ്ജോണ്‍ കൊക്കെനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 2016ല്‍ ഇരുവരും പിരിഞ്ഞു. പിന്നീടാണ് അവര്‍ മലയാളത്തില്‍ കൂടുതലായി സജീവമായതും വിപിനെ വിവാഹം കഴിച്ചതും.