Image: Facebook.com/rajesh.keshav.940

Image: Facebook.com/rajesh.keshav.940

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ തുടരുന്ന അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കി സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. രാജേഷ് വെല്ലൂർ മെഡിക്കൽ കോളജിൽ എത്തിയിട്ട് നാളെ (നവംബര്‍ 21) രണ്ട് മാസമാകുന്നുവെന്നും ആശുപത്രിയിൽ നിന്നുള്ള വിവരങ്ങള്‍ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും പ്രതാപ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കൂടെനില്‍ക്കുന്ന എല്ലാ നല്ലമനസുകള്‍ക്കും പ്രതാപ് നന്ദി പറയുന്നുണ്ട്.

rajesh-keshav-atatck

സിനിമയും സംഗീതവുമായി, യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു താനുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ രാജേഷിനെ പരമാവധി ആക്ടീവ് ആക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതെല്ലാം പ്രതീക്ഷ നല്‍കുന്നുണ്ടെന്നും പ്രതാപ് പറയുന്നു. ‘രാജേഷ് ഹോസ്റ്റ് ചെയ്ത ‘ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും മമ്മൂക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്. രാജേഷ് അഭിനയിച്ച ‘ഇന്നസന്റ്’ സിനിമ റിലീസ് ആയതും ‘വടക്കൻ തേരോട്ടം’ റിലീസിന് തയാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം. സുരേഷേട്ടനൊപ്പമുള്ള ‘ഒറ്റക്കൊമ്പൻ’ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല’ പ്രതാപ് കുറിച്ചു.

സുഹൃത്തുക്കളുടെ ഈ ശ്രമങ്ങളെല്ലാം ഫലം കാണുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി പ്രതാപ് അറിയിച്ചു. രാജേഷിന് വേണ്ടി സമയം കണ്ടെത്തുന്ന എല്ലാ നല്ലമനസുകള്‍ക്കും പ്രതാപ് പോസ്റ്റിലൂടെ നന്ദി പറയുന്നുണ്ട്. ‘ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകൾക്ക് നന്ദി. ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു’ പ്രതാപ് കുറിച്ചു.

എല്ലാവരുടേയും പ്രാർഥനയും സ്നേഹവും തുടരുകയെന്നും അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല, അവന്‍ സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നുവെന്നും പ്രതാപ് പറയുന്നു. 29 ദിവസങ്ങളായി കൊച്ചി ലേക്‌ഷോര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ കഴിഞ്ഞ മാസമായിരുന്നു എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കു മാറ്റിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

‘പ്രിയപ്പെട്ട രാജേഷ് വെല്ലൂർ മെഡിക്കൽ കോളജിൽ എത്തിയിട്ട് നാളെ രണ്ട് മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും. അവൻ ഹോസ്റ്റ് ചെയ്ത ‘ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മൂക്ക രോഗമുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പൻ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് ശ്രീ സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ഇന്നസെന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കൻ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം. 

ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അതിന്റെ ഒക്കെ റിസല്‍ട്ട്/റെസ്പോണ്‍സ് ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകൾക്ക് നന്ദി.

ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വെയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു.

പ്രാർത്ഥനയും സ്നേഹവും തുടരുക. പലരുടെയും സ്നേഹാന്വെഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല... വരും... എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു... നന്ദി... സ്നേഹം... പ്രാർത്ഥന...’

ENGLISH SUMMARY:

Anchor and actor Rajesh Keshavan, who is undergoing treatment at Vellore Medical College (CMC) after a heart attack, is showing encouraging signs of progress, according to his friend and colleague Prathap Jayalakshmi. Prathap shared that friends are trying to keep Rajesh "active" by discussing cinema, music, and current events—including Loka crossing ₹300 Crore, Mammootty’s recovery, and Mohanlal’s Dadasaheb Phalke Award. Doctors note that these visits and conversations are creating a "miraculous change." Rajesh was shifted to Vellore from Kochi Lakeshore Hospital last month. Prathap also acknowledged the selfless dedication of Rajesh's family, Sindhu and Roopesh.