സീരിയല്‍ താരമായ റാഫിയുമായി വേര്‍പിരിഞ്ഞതിന് ശേഷം വിവാഹമോചനത്തില്‍ പ്രതികരിച്ച് വ്ലോഗര്‍ മഹീന മുന്ന. ഒരുമിച്ച് പോകാന്‍ പറ്റില്ല എന്ന് മനസിലായതുകൊണ്ടാണ് വേര്‍പിരിഞ്ഞതെന്നും പുറത്ത് നിന്നും നിങ്ങള്‍ കാണുന്നത് പോലെയായിരിക്കില്ല ഉള്ളിലുള്ള ജീവിതം എന്നും മഹീന പറയുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് ക്യു ആന്‍ഡ് എ വിഡിയോയിലൂടെയാണ് മഹീന മറുപടി പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് താനും റാഫിയും വിവാഹമോചിതരായി എന്ന വിവരം യൂട്യൂബ് ചാനലിലൂടെ തന്നെയായിരുന്നു മഹീന വെളിപ്പെടുത്തിയത്.
‘ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരുമിച്ച് പോകാന്‍ പറ്റില്ല. പ്രണയ ബന്ധത്തില്‍ നിന്നും ഒരുമിച്ച് ജീവിക്കുമ്പോഴേ ഒരാളുടെ ഉള്ളിലുള്ളതെല്ലാം പുറത്തുവരൂ എന്ന് ഞാന്‍ പറഞ്ഞു മാത്രമേ കേട്ടിട്ടുള്ളൂ. എന്‍റെ ജീവിതത്തില്‍ ഞാന്‍ അത് അനുഭവിച്ചു. പുറത്ത് നിന്നും കാണുന്നത് പോലെയായിരിക്കില്ല ഉള്ളിലുള്ള ജീവിതം. അതുകൊണ്ടാണ് അത് ഞാന്‍ വേണ്ടെന്നു വച്ചത്. അല്ലാതെ പ്രശസ്തി വന്നപ്പോൾ ഒഴിവാക്കിയതല്ല. പ്രശസ്തി കൊണ്ടു മാത്രം ഒരാൾക്കും ജീവിക്കാൻ പറ്റില്ല’ മഹീന പറഞ്ഞു. അതേസമയം, എന്തുകൊണ്ടാണ് പിരിഞ്ഞത് എന്ന് ചോദിക്കുന്നവരോട് എന്തെന്ന് പറയാൻ താത്പര്യമില്ലെന്നും അത് സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ് പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നു മഹീന പറയുന്നു.
കമ്മിറ്റഡാണോ എന്ന് ചോദിക്കുന്നവരോട് ഇപ്പോൾ അല്ല എന്നാണ് മഹീനയുടെ ഉത്തരം. ‘പ്രായം ഇതാണെന്ന് കരുതി എന്തും ചെയ്യാം എന്നില്ല. ഞാൻ എന്നോട് തന്നെ പറയുന്ന കാര്യമുണ്ട്, ആർക്ക് വേണ്ടിയും നമ്മൾ നമ്മളെ ഒരുപാട് കൊടുക്കാതിരിക്കുക. പിന്നീട് അവർ നമ്മുടെ ജീവിതത്തിൽ നിന്നും പോയി കഴിഞ്ഞാൽ നമ്മൾ ഒരുപാട് സ്ട്രഗിൾ ചെയ്യും. ഞാൻ വീണ്ടും വിവാഹം കഴിക്കും. പക്ഷേ ഉടനില്ല. നന്നായി ആലോചിച്ച് മാത്രമാകും വിവാഹം’ മഹീന പറഞ്ഞു.
2022 ലായിരുന്നു മഹീനയും റാഫിയും തമ്മിലുള്ള വിവാഹം. വെബ്സീരിസുകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് റാഫി. റാഫിയുടെ ടെലിവിഷൻ പരമ്പരകൾ കണ്ട് ആരാധികയായി മാറിയ മഹീന പിന്നീട് റാഫിയുടെ ജീവിത പങ്കാളിയുമാകുകയായിരുന്നു. ‘തീപ്പൊരി ബെന്നി’, ‘ആനന്ദ് ശ്രീബാല’ എന്നീ സിനിമകളിലും റാഫി അഭിനയിച്ചിട്ടുണ്ട്. ഈ വർഷം മഹീന ദുബായിലേക്കു താമസം മാറ്റിയിരുന്നു. അടുത്തിടെ മഹീന റാഫി എന്ന പേരു മാറ്റി മഹീന മുന്ന എന്നാക്കിയത് വാർത്ത ആയിരുന്നു. പിന്നാലെ ഇരുവരും വേർപിരിഞ്ഞെന്ന് മഹീന തന്നെ വെളിപ്പെടുത്തുകയും ചെയ്തു.