'ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര'ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു സൗഹൃദമാണ് ദുല്‍ഖര്‍ സല്‍മാന്‍റേതും ചന്തു സലിംകുമാറിന്‍റേതും. ഇരുവരും തമ്മില്‍ സമൂഹമാധ്യഹങ്ങളില്‍ വഴി പരസ്പരം ടാഗ് ചെയ്തുള്ള പോസ്റ്റുകളും കമന്‍റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കാന്തയെ പുകഴ്​ത്തി പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ചന്തു സലിംകുമാര്‍. 

ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങള്‍ ആയിരുന്നിട്ടുകൂടി തിയേറ്ററില്‍ പിടിച്ചിരുത്തുന്ന കഥകളാണ് തന്നെ സംബന്ധിച്ചിടത്തോളം മികച്ച തിരക്കഥയെന്നും കാന്ത അത്തരത്തിലൊന്നാണെന്നും ചന്തു പറ‍ഞ്ഞു. സമദ്രക്കനി, ഭാഗ്യശ്രീ ബൊര്‍സേ, റാണ ജഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങളെ ചന്തു എടുത്തുപറഞ്ഞ് അഭിനന്ദിച്ചു. ബെസ്റ്റി എന്ന് വിളിച്ചാണ് ദുല്‍ഖറിനെ പറ്റി ചന്തു പറഞ്ഞത്. അയാൾ കാണിച്ച ധൈര്യത്തിന് മാത്രം താൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കുമെന്നും നടിപ്പ് ചക്രവർത്തി എന്നുതന്നെ വിളിക്കുമെന്നും ചന്തു കുറിച്ചു. 

ചന്തുവിന്‍റെ പോസ്റ്റ്

'തിരിച്ചടിയെക്കാള്‍ മികച്ചതാണ് തിരിച്ചുവരവ്.  

ഏതാണ് ഒരു മികച്ച തിരക്കഥ. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയിൽ വഴിതിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുത്തുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങൾ, നമ്മൾ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങൾ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തിയേറ്ററിൽ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്. രണ്ടും മികച്ച തിരക്കഥകൾ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. കാന്ത അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്.

സെൽവമണി സെൽവരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്. ഡാനി സാഞ്ചസ് ലോപ്പസ്, ഒരു സിനിമയിലെ വിഷ്വൽസ്, കാഴ്ച്ചക്കാരന് കണ്ണിനു കുളിർമ്മയേകാൻ വേണ്ടി ആവരുത്, അവിടെ ഒരു ക്യാമറ ഇല്ലെന്നും, ഇതെല്ലാം റിയൽ ആണെന്നും കാണിക്കളെ തോന്നിപ്പിക്കുന്ന വിഷ്വൽസ് ആവണം. ഈ സിനിമയും അതാണ്‌ ആവശ്യപ്പെടുന്നത്. ഗംഭീരം. ജെയ്​ക്ക്സ് ബിജോയ്‌, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വർക്ക്‌.

സമുദ്രക്കനി വെറുതെ നിന്നാൽ പോലും അയാളുടെ പവർ നമുക്ക് മനസ്സിലാവും. കഥാപാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്. ഭാഗ്യശ്രീ ബൊര്‍സെ, അവരുടെ കണ്ണുകൾ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകൾ ആവശ്യപ്പെടുന്ന ഒരു കാരക്റ്റർ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകൾ, കാരക്റ്റർ ഷിഫ്റ്റുകൾ എല്ലാം അവർ വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്. റാണ, ചുമ്മാ സ്‌ക്രീനിൽ വരുന്നു. ആ സ്ക്രീൻ മൊത്തത്തിൽ അയാൾ തൂക്കുന്നു. അയാളിൽ നിന്നും മുൻപെങ്ങും കാണാത്ത ഒരു പ്രേത്യേക സ്വാഗ് ഇതിൽ ഫീൽ ചെയ്തു. സെക്കന്റ്‌ ഹാഫ് അയാളുടേത്‌ കൂടിയാണ്, ഒരു സമയം വരെ, അതിനു ശേഷം....

അവസാനമായി, എന്‍റെ ബെസ്റ്റി. നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും. അത് അയാൾ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ TKM, ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്.

അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത.

ബെസ്റ്റീ എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. നാം നമ്മളെ തന്നെ എപ്പോഴും ഓര്‍മിപ്പിക്കുന്നതുപോലെ, അവര്‍ വെറുക്കും, നമ്മള്‍ ഉയര്‍ത്തും, അതാണ് നമ്മൾ തുടർന്നും ചെയ്യുന്നത്'.

ചന്തുവിന്‍റെ പോസ്റ്റിന് ദുല്‍ഖര്‍ മറുപടിയും കൊടുത്തു. 'ലവ് യൂ ബെസ്റ്റി, നീ പറഞ്ഞതുപോലെ അവര്‍ വെറുക്കും, നമ്മള്‍ ഉയര്‍ത്തും, ആമേന്‍,' ദുല്‍ഖര്‍ കമന്‍റില്‍ കുറിച്ചു. 

ENGLISH SUMMARY:

After “Lokha; Chapter One Chandra”, a friendship that gained attention on social media was that of Dulquer Salmaan and Chandu Salimkumar. The posts and comments in which the two tagged each other on social media were often well-received by fans. Now, Chandu Salimkumar has shared a post praising Dulquer Salmaan’s film Kaantha.