mridula-vijay-video

TOPICS COVERED

ഒരു ആരാധികയുടെ അതിരുവിട്ട പെരുമാറ്റം കാരണം നടൻ റെയ്ജൻ രാജൻ കടുത്ത മാനസിക സമ്മർദ്ദത്തിലും ഭീഷണിയിലുമാണെന്ന് വെളിപ്പെടുത്തി സഹതാരം മൃദുല വിജയ്. റെയ്ജൻ രാജിനു നേരിട്ട ദുരനുഭവം മൃദുല വിജയ് ഒരു വിഡിയോയിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ആറ് വർഷമായി ഒരു സ്ത്രീ കാരണം റെയ്ജൻ രാജ് നേരിടുന്ന ബുദ്ധിമുട്ടുകളാണ് മൃദുല വിജയ് വെളിപ്പെടുത്തിയത്. ഒരു പുരുഷൻ ഇതേക്കുറിച്ച് പരാതി പറഞ്ഞാൽ സമൂഹത്തിൽ വേണ്ട ശ്രദ്ധ കിട്ടില്ല എന്നുള്ളതുകൊണ്ടാണ് ഇതുവരെ തുറന്നു പറയാത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റെയ്ജൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എല്ലാവരും റെയ്ജനൊപ്പം നിൽക്കണമെന്നും മൃദുല വിജയ് വിഡിയോയിൽ പറഞ്ഞു.

‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത്, എന്റെ കൂടെ പ്രവർത്തിക്കുന്ന ഒരു സഹതാരത്തിന് ലൊക്കേഷനിൽ മോശപ്പെട്ട രീതിയിൽ ഒരു അനുഭവം ഉണ്ടായി. റെയ്ജൻ ചേട്ടനായിരുന്നു അങ്ങനെ ഒരു അനുഭവം ഉണ്ടായത്. ഇതിനെപ്പറ്റി ഞാൻ എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ കുറച്ച് കാര്യങ്ങൾ എഴുതിയിരുന്നു. സംഭവം ചുരുക്കി പറയാം. കഴിഞ്ഞ ആറു വർഷമായി ഒരു സ്ത്രീ, അതായത് നമ്മുടെ സെറ്റുകളിൽ വന്നുകൊണ്ടിരിക്കുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ്, റെയ്ജൻ ചേട്ടന് തുടരെ മെസ്സേജുകൾ അയയ്ക്കുന്നു. അതും വളരെ മോശമായിട്ടുള്ള സന്ദേശങ്ങളാണ് അയച്ചുകൊണ്ടിരുന്നത്.

ചേട്ടൻ പ്രതികരിക്കാതെ വന്നപ്പോൾ പുള്ളിക്കാരി ഭയങ്കരമായി പ്രകോപിതയാവുന്നു. പിന്നെ പല പല ഫോൺ നമ്പറിൽ നിന്ന് വിളിക്കുന്നു. ചീത്ത വിളിക്കുന്നു. പിന്നെയും ക്ഷമ ചോദിച്ച് സന്ദേശം അയയ്ക്കുന്നു. വീണ്ടും വളരെ വൃത്തികെട്ട സെക്ഷ്വൽ ആയുള്ള സന്ദേശങ്ങൾ അയക്കുന്നു. സംഭവം അഞ്ചാറ് വർഷമായി തുടങ്ങിയിട്ട്. ഞങ്ങളുടെ ചിത്രീകരണ സ്ഥലത്ത് തന്നെ രണ്ട് സംഭവങ്ങൾ ഇതിനിടയിലും ഉണ്ടാവുകയും ചെയ്തു. ഇത് പറയുമ്പോൾ എല്ലാവരും വിചാരിക്കുന്ന ഒരു കാര്യം ഇത്രയും വർഷമായി നടക്കുന്ന ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടാണ് പരാതി ഒന്നും നൽകിയില്ല എന്നാണ്. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ നിയമം ആണ് കാരണം എന്ന് തന്നെ പറയും.

കാരണം, ഒരു പെണ്ണ് ഒരു പരാതി പറഞ്ഞാൽ അവളെ പിന്തുണയ്ക്കുന്ന ഒരുപാട് പേര് ഉണ്ടാകും. അതിനുപകരം ഒരു ആണാണ് പറയുന്നത് എങ്കിൽ ഇത് ശ്രദ്ധിക്കാനോ അതിന് പിന്തുണ നൽകാനോ ആൾക്കാർ ഉണ്ടാവാറില്ല. റെയ്ജൻ ചേട്ടൻ പ്രതികരിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ച് ദിവസങ്ങളെ ആകുന്നുള്ളൂ. കാരണം ആളുടെ ക്ഷമ മൊത്തം പോയതിനുശേഷമാണ് ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയത്. പ്രതികരിച്ചു കഴിഞ്ഞപ്പോൾ ഇന്ന് വന്ന ഒരു സന്ദേശം, ‘ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കുകയാണ്, എനിക്ക് ഇതിനെ പറ്റിയിട്ടൊന്നും അറിയില്ല’ എന്നാണ്.ലൈവ് ആയി രണ്ട് സംഭവങ്ങൾ നേരിട്ടു കണ്ട വ്യക്തിയാണ് ഞാൻ. അതുകൊണ്ടാണ് ഞാനിപ്പോൾ ഇത് തുറന്നു പറയുന്നത്. ഒരു പ്രാവശ്യം നമ്മുടെ ചിത്രീകരണ സ്ഥലത്ത് റെയ്ജൻ ചേട്ടന്റെ അടുത്ത് പുള്ളിക്കാരി സംസാരിക്കാൻ വേണ്ടി പോയ സമയത്ത് ആള് എഴുന്നേറ്റ് പോയപ്പോൾ റെയ്ജൻ ചേട്ടന്റെ ഷർട്ട് പിടിച്ചു വലിക്കുന്നത് ഞങ്ങൾ കണ്ടു. രണ്ടാമത്, വളരെ അടുത്തിടെ തന്നെ ഞങ്ങളുടെ ചിത്രീകരണ സ്ഥലത്ത് പർദ്ദയിട്ടു വന്നു. ഈ വ്യക്തിയെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രവേശിപ്പിക്കില്ല. ഞങ്ങൾ കണ്ടാൽ കയറാൻ സമ്മതിക്കില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെ ആള് തിരിച്ചറിയാതിരിക്കാനായി പർദ്ദയിട്ടു വന്നു. ചിപ്പി മോളെ കാണണം എന്ന് കള്ളത്തരം പറഞ്ഞ് പർദയിട്ട് കേറി വന്ന് റെയ്ജൻ ചേട്ടന്റെ കയ്യിൽ ചോക്ലേറ്റ് കൊടുക്കാൻ ശ്രമിച്ചു. അപ്പോൾ തന്നെ റെയ്ജൻ ചേട്ടന് കാര്യം മനസ്സിലായി. ഇത് ഈ വ്യക്തിയാണെന്നുള്ളത് മനസ്സിലായി. അപ്പൊ പുള്ളി വലുതായിട്ട് പ്രതികരിക്കാൻ പോയില്ല, ആരാണ് എന്നുള്ള രീതിയിൽ സംസാരിച്ചു. അപ്പോൾ തന്നെ ഇവരങ്ങ് ഇറങ്ങി പോകുന്നത് ഞങ്ങൾ കണ്ടതാണ്.

ഈ ഒരു സ്ത്രീ തന്നെയാണ് വന്ന് ഭയങ്കരമായിട്ട് മോശമായിട്ട് ഓരോന്ന് ചെയ്യുന്നത്.ഇപ്പോൾ ഈ ഒരു വിഡിയോ ഇടാൻ കാരണം നമ്മുടെ കൂടെ പ്രവർത്തിക്കുന്ന ഏതൊരു കലാകാരനാണെങ്കിലും അല്ലെങ്കിൽ നമ്മളെ അടുത്തറിയുന്ന ഏതൊരു വ്യക്തിക്ക് ആണെങ്കിലും ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ അവരെ പിന്തുണയ്ക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ്. ഇതൊരു പെണ്ണ് അല്ലാത്തതുകൊണ്ട് അതായത് ഇപ്പോ ഒരു ആണിനാണ് ഇങ്ങനെ ഒരു പ്രശ്നം വന്നത് എന്നുള്ളതുകൊണ്ട് ആൾക്കാർ അതിനെ പിന്തുണയ്ക്കുന്നത് കുറവായിരിക്കും. ആളുടെ അടുത്ത് നിൽക്കുന്ന വളരെ അടുത്ത് നിൽക്കുന്ന അല്ലെങ്കിൽ തത്സമയം കണ്ട് മനസ്സിലാക്കിയ ആൾക്കാർക്ക് മാത്രമേ ആളെ പിന്തുണയ്ക്കാൻ പറ്റു. ‘നീ എന്നെ മൈൻഡ് ചെയ്തില്ലെങ്കിൽ ഞാൻ നിന്റെ തലയില്‍ ബിയർ കുപ്പി വച്ച് അടിച്ചു പൊട്ടിക്കും’ എന്ന തരത്തിൽ ജീവന് ഭീഷണിയുള്ള സന്ദേശങ്ങളാണ് വന്നിരിക്കുന്നത്. ഇതൊരിക്കലും സുരക്ഷിതമല്ല. ഇപ്പോ ഡയറി മിൽക്ക് കൊണ്ട് നമ്മുടെ ചിത്രീകരണ സ്ഥലത്തേക്ക് വരാൻ ആ സ്ത്രീക്ക് കഴിഞ്ഞു എങ്കിൽ, നാളെ ആസിഡ് മുഖത്ത് ഒഴിക്കാനോ ഒന്നും മടിക്കാത്ത ഒരു വ്യക്തിയായിരിക്കും അവർ.

ഈ വ്യക്തി പറയുന്ന കാര്യങ്ങളും തെറ്റായിട്ടുള്ളതാണ്. റെയ്ജൻ ചേട്ടനെ പിന്തുണയ്ക്കാൻ എല്ലാവരും വേണ്ടത് ചെയ്യുക. പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ ഈ വിഡിയോ ചെയ്യുന്നതുകൊണ്ട് എനിക്കും മെസ്സേജ് വരാൻ സാധ്യതയുണ്ട്. എന്ത് മെസേജ് ആണെങ്കിലും ഞാൻ അത് ലൈവ് ആയിട്ട് പോസ്റ്റ് ചെയ്യുക തന്നെ ചെയ്യും. ഈ രീതിയിൽ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും.ഒരാൾ ഒരു പെണ്ണിനെ പറയുമ്പോഴാണല്ലോ അതൊരു തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കാൻ പറ്റാതെ വരുന്നത്. അവൾ ഒരു പെണ്ണാണ് എങ്കിൽ ഞാനും ഒരു പെണ്ണ് തന്നെയാണ്. എങ്ങനെ പ്രതികരിക്കണം എന്നുള്ളത് എനിക്കറിയാം. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ആളെ മാത്രം അല്ല, ആളുടെ കുടുംബത്തെയും വളരെ മോശമായിട്ട് പറയാൻ തുടങ്ങിയിട്ടുണ്ട്. എനിക്ക് മെസ്സേജ് എന്തെങ്കിലും വന്നാൽ ഞാൻ സ്ക്രീൻഷോട്ട് ഉൾപ്പെടെ ഇടുന്നതായിരിക്കും.’ മൃദുല വിജയ് പറയുന്നു

ENGLISH SUMMARY:

Reejon Rajan is facing severe harassment from an obsessive fan. Actress Mridula Vijay revealed the ordeal Reejon is enduring and has urged support for him as he has filed a police complaint.