കമൽഹാസനും രജനികാന്തും ഒന്നിക്കുന്ന സിനിമയിൽ നിന്ന് സുന്ദർ സി പിന്മാറിയതായി റിപ്പോര്‍ട്ട്. സുന്ദർ.സി പിന്മാറുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ഖുഷ്ബു സുന്ദർ പങ്കുവച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഖുഷ്ബുവിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രസ്താവന വ്യാപകമായി പ്രചരിക്കുന്നുണ്ട്.കമൽഹാസനും രജനികാന്തും ഒന്നിക്കുന്ന സിനിമ സുന്ദർ സിയാണ് സംവിധാനം ചെയ്യുന്നതെന്ന് അടുത്തിടെയാണ് കമൽഹാസൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം രാജ്കമൽ ഓഫിസിൽവച്ച് നടന്നിരുന്നു.
തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക എന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അതേ സമയം തമിഴ് സിനിമാ ലോകത്തെ അതികായന്മാരായ കമൽഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തുവെന്ന പേരിൽ വിമർശനം നേരിട്ട് ലോകേഷ് കനകരാജ്.
ട്വിറ്ററിൽ നിന്നുമാണ് തന്റെ മെന്റർ കൂടിയായ കമൽഹാസനെയും രജനിയെയും ലോകേഷ് അൺഫോളോ ചെയ്തതെന്നാണ് റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനി–കമൽ പ്രോജക്റ്റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് ഈ വാർത്തയും പൊട്ടിപ്പുറപ്പെട്ടത്