അമരന് ശേഷം വീണ്ടും ഒരുമിക്കാന്‍ കമൽ ഹാസനും ശിവകാർത്തികേയനും. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിര്‍മിച്ച് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന 'സീയോൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ശിവകാർത്തികേയന്റെ നാൽപ്പതാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ സ്പെഷ്യൽ ടീസർ പുറത്തുവിട്ടത്.

മധുരയിലെ കരുമാത്തൂർ വിരുമാണ്ടി ക്ഷേത്രത്തിലെ മാസി കളരി ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്. കൾട്ട് ക്ലാസിക് ചിത്രമായ 'വിരുമാണ്ടി'യിലെ കമൽ ഹാസന്റെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന ലുക്കില്‍ വിരുമാണ്ടി എന്ന ദൈവ അവതാരമായാണ് ശിവകാർത്തികേയൻ ടീസറിൽ എത്തിയിരിക്കുന്നത്. 

കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ മുന്‍പ് നിര്‍മിച്ച ശിവകാര്‍ത്തികേയന്‍ ചിത്രം 'അമരന്‍' വലിയ ഹിറ്റായിരുന്നു. അതിനാല്‍ പുതിയ ചിത്രത്തിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ ആണുള്ളത്. ശിവകുമാർ മുരുകേശനാണ് സെയ്യോന്‍ സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണൻ ആദ്യമായി ശിവകാർത്തികേയൻ ചിത്രത്തിന് സംഗീതം നൽകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷം ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തും.