ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം നിർണയിക്കാൻ അവകാശമില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിന് നേരിടുന്ന തടസങ്ങളിൽ ഇലോൺ മസ്‌ക് ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കമൽ ഹാസൻ. മസ്കിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എക്സ് പോസ്റ്റിൽ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അല്ലാതെ കോളനിയല്ല എന്നും നടൻ തുറന്നടിച്ചു.
'ഇന്ത്യക്കാരനായാലും അമേരിക്കക്കാരനായാലും ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം നിർണയിക്കാൻ അവകാശമില്ല. ഞങ്ങൾ ലോകത്തെ സ്വാഗതം ചെയ്യുന്നു, എന്നാൽ ഇന്ത്യക്കാരായ ഞങ്ങൾ തന്നെയായിരിക്കും ഞങ്ങളുടെ ഭാവി നിർണയിക്കുക. അല്ലാതെ പാശ്ചാത്യ കക്ഷിതാത്പര്യങ്ങളോ, അവരുടെ ഇരട്ടത്താപ്പുകളോ അല്ല' എന്നാണ് കമൽഹാസന്‍റെ എക്‌സിലൂടെയുള്ള പ്രതികരണം.
'നമ്മുടെ നെറ്റ്‌വർക്കുകളും സ്പെക്ട്രവും വെറുമൊരു വാണിജ്യ സ്വത്തല്ല, മറിച്ച് തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളാണെന്ന് ഇന്ത്യയ്ക്കറിയാം. ഇന്ത്യയുടെ ദേശീയ സുരക്ഷാ മുൻകരുതലുകളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെ'ന്നും നടൻ പറഞ്ഞു. 'ഗ്രാമീണ മേഖലയിലുള്ളവർക്ക് ഏറ്റവും പ്രായോഗികവും ചെലവുകുറഞ്ഞതുമായ അവസാനഘട്ട കണക്റ്റിവിറ്റി നൽകാൻ സാധിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്നായാലും ആഗോള സേവനദാതാക്കളിൽ നിന്നായാലും സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്തെ മത്സരത്തെ ഇന്ത്യ സ്വാഗതം ചെയ്യണം. ആളോഹരി വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സാധാരണക്കാർക്ക് താങ്ങാനാകുന്നതായിരിക്കണം.
ഓരോ രാജ്യവും അവരവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. തുറന്ന വിപണി ആവശ്യപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങൾ, തങ്ങളുടെ വിപണികളെ സംരക്ഷിക്കുകയും വിദേശത്ത് മാത്രം സ്വതന്ത്ര മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു. തങ്ങളുടെ ആഭ്യന്തര നിർമ്മാതാക്കളെ സംരക്ഷിക്കാൻ ഇന്ത്യ നടപടികൾ സ്വീകരിക്കുന്നത് പോലെ തന്നെയാണ് അമേരിക്ക ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100% തീരുവ ചുമത്തിയതെ'ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്‌ബാൻഡ് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതിയായ ഭാരത്‌നെറ്റ് (BharatNet) തന്നെ ഉദാഹരണമായി എടുക്കാം. 2026-ലെ സി.എ.ജി (CAG) ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചതുപോലെ, 39,888 കോടി രൂപ ചെലവഴിച്ചിട്ടും ഈ പദ്ധതി എന്തുകൊണ്ടാണ് അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടുന്നത് എന്ന് ഞങ്ങൾ ചോദ്യം ചെയ്യും. തയ്യാറാക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ 33.2% മാത്രമാണ് പ്രവർത്തനക്ഷമമായത്. അതേസമയം തന്നെ, ഇന്റർനെറ്റ് ഡാറ്റ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഓൺലൈനിൽ എത്തിക്കുകയും ചെയ്ത നമ്മുടെ ടെലികോം മേഖലയെയും അതിലെ നിയമങ്ങളെയും അഭിനന്ദിക്കാനും നമുക്കറിയാം'- കമല്‍ഹാസന്‍ വിശദീകരിച്ചു.
തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് അനുവദിക്കാത്തതിലായിരുന്നു മസ്കിന്റെ വിമർശനം. ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ കുത്തക പുലർത്തുന്ന ടെലികോം ഭീമന്മാരാണ് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുന്നതെന്ന് മസ്‌കിന്റെ ആരോപണം. മുകേഷ് അംബാനിയെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസ്താവനകൾ മസ്‌ക് എക്‌സിലൂടെ നടത്തിയിരുന്നു. സ്റ്റാർലിങ്ക് എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി ലൈസൻസിന് ശ്രമിക്കുകയാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ലൈസൻസ് ലഭിക്കാത്തതെന്നും ആണ് മസ്കിന്‍റെ ചോദ്യം.