.
യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വേണ്ടി സജീവമാവുകയും , ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്’ ക്യാംപെയിനിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് നിഴല്‍ പോലെ ഉണ്ടായിരുന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഇപ്പോള്‍ അതില്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന് സൂചന. ട്രംപിന്റെ ശക്തരായ പിന്തുണച്ച മസ്ക് അദ്ദേഹത്തിന്റെ പ്രചാരണത്തിനായി വൻതുക സംഭാവന നൽകുകയും ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയപ്പോൾ 'ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി'യുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പബ്ലിക്കൻമാരെ പിന്തുണയ്ക്കുന്നതിനായി ഇത്രയധികം പണം ചെലവഴിച്ചതിൽ താന്‍ വിഡ്ഢിത്തം കാണിച്ചതായാണ് മസ്കിന്റെ പുതിയ കണ്ടെത്തല്‍. മാത്രമല്ല ഒരിക്കൽ ആവേശത്തോടെ പിന്തുണച്ചിരുന്ന 'MAGA' മുന്നേറ്റത്തിൽ നിന്ന് മസ്ക് ഇപ്പോള്‍ അകലം പാലിക്കുകയും ചെയ്യുന്നു.
ബുധനാഴ്ച നടന്ന 'ന്യൂയോർക്ക് ടൈംസ് ഡീൽബുക്ക് സമ്മിറ്റിൽ' സംസാരിക്കവെയാണ് 2026-ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി ഏകദേശം 500 ദശലക്ഷം ഡോളർ ചെലവഴിച്ചുവെന്നും എന്നാൽ അതിന് ആനുപാതികമായ നേട്ടമൊന്നും ലഭിച്ചില്ലെന്നും ടെസ്ല, സ്പേസ് എക്സ് മേധാവി വെളിപ്പെടുത്തിയത്. "ഈ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ഇത്രയധികം പണം ചെലവഴിച്ചിട്ടും കാര്യമായ ഫലമൊന്നും ലഭിക്കാത്തതിൽ എനിക്ക് വലിയ മണ്ടത്തരമായി തോന്നുന്നു" എന്ന് മസ്ക് പറഞ്ഞതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ സാമ്പത്തിക സഹായം ഉണ്ടായിരുന്നില്ലെങ്കിൽ റിപ്പബ്ലിക്കൻമാരുടെ സ്ഥിതി ഇതിലും മോശമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമയത്തെ പിന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നെങ്കില്‍ താന്‍ കുറച്ച് പണം മാത്രമേ ട്രംപിന് വേണ്ടി ചെലവിടുമായിരുന്നുള്ളുവെന്നും മസ്ക് തുറന്നടിച്ചു.
നവംബറിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി, അമേരിക്കയിലുടനീളമുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി മസ്ക് 470 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്രയും വലിയ തുക ചെലവഴിച്ചിട്ടും തിരഞ്ഞെടുപ്പില്‍ ട്രംപിനെ രക്ഷിക്കാനായില്ല. ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടതിനൊപ്പം പല പ്രദേശങ്ങളിലെയും ഭരണവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നഷ്ടമായി. 2027 ജനുവരിയിൽ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഡെമോക്രാറ്റുകൾ തയ്യാറെടുക്കുകയുമാണ്. ഇത് ട്രംപ് ഭരണകൂടത്തെ ചോദ്യം ചെയ്യാനും സിലിക്കൺ വാലിയിലുള്ളവ ഉൾപ്പെടെയുള്ള പ്രമുഖ യുഎസ് കമ്പനികളുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെയും ഇടപാടുകളെയും സൂക്ഷ്മമായി പരിശോധിക്കാനുമുള്ള കൂടുതൽ അധികാരം അവർക്ക് നൽകും.
ഏതായാലും താൻ ഇനി 'MAGA' പക്ഷക്കാരനല്ലെന്ന് മസ്ക് പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച തുകയെക്കുറിച്ച് മാത്രമല്ല, 'MAGA' പ്രസ്ഥാനത്തിൽ നിന്ന് തന്നെ പൂർണ്ണമായും അകലാനാണ് ഈ ശതകോടീശ്വരൻ ആഗ്രഹിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. 'MAGA' എന്നത് കൃത്യമായി എന്താണ് അർത്ഥമാക്കുന്നതെന്ന് തനിക്ക് ഉറപ്പില്ലെന്നും എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി നയങ്ങളെ കണ്ണുമടച്ച് പിന്തുടരുന്നതിനെയാണ് അത് സൂചിപ്പിക്കുന്നതെങ്കിൽ താൻ അതിനെ ഒട്ടും അംഗീകരിക്കുന്നില്ലെന്നും മസ്ക് കൂട്ടിച്ചേർത്തു. ഒരിക്കൽ ട്രംപിന്റ "ഏറ്റവും അടുത്ത സുഹൃത്ത്" എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തിയിൽ നിന്നാണ് ഇത്തരമൊരു പ്രസ്താവന വരുന്നത് എന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മസ്ക് പലതവണ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വൻ വിജയം നേടിയതോടെ മസ്കിന് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്. ജനുവരി മുതൽ യുഎസ് കോൺഗ്രസിന്റെ രണ്ട് സഭകളെയും ഡെമോക്രാറ്റുകൾ നിയന്ത്രിക്കും. ഇത് ട്രംപ് ഭരണകൂടത്തെയും വൻകിട സാങ്കേതിക കമ്പനികളെയും ചോദ്യം ചെയ്യാൻ അവർക്ക് കൂടുതൽ അധികാരം നൽകും. മസ്കും എതിര് പാര്‍ട്ടിക്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരിക്കാം. വലിയ തോതിലുള്ള സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കുന്നതിന് മേൽനോട്ടം വഹിച്ച ഡോഗിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കാനും സ്പേസ് എക്സിന്റെ സർക്കാർ കരാറുകൾ പരിശോധിക്കാനും ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. യുക്രെയ്നിലെ അദ്ദേഹത്തിന്റെ കമ്പനികളുടെ ഇടപെടൽ, എഐ ചാറ്റ് ബോട്ട് ഗ്രോക്ക്, എന്നിവയും അവർ പരിശോധയ്ക്ക് വിധേയമായേക്കാം.