ചൈനയില്‍ ഇന്ന് ലോകം ഉറ്റുനോക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍. അപെക് ഉച്ചകോടിക്കായി ചൈനയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യയുടേയും ചൈനയുടേയും പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തും. യുദ്ധങ്ങള്‍, വ്യാപാരതര്‍ക്കം, ഉപരോധം തുടങ്ങിയവ ചര്‍ച്ചാവിഷയമാകും.
ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്ന മൂന്ന് വന്‍ശക്തികളുടെ കൂടിക്കാഴ്ച. 2025ഓഗസ്റ്റില്‍ അലാസ്കയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് റഷ്യന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ പുട്ടിനും ട്രംപും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത്. റഷ്യ–യുക്രെയ്ന് യുദ്ധം, ഇറാനുമായുള്ള സംഘര്‍ഷം, ആണവായുധ നിയന്ത്രണം, വ്യാപാരകരാറുകള്‍, ഉപരോധം, സാങ്കേതികവിദ്യകളുടെ കൈമാറ്റം തുടങ്ങിയവയിലൂന്നിയാണ് നേതാക്കളുടെ ചര്‍ച്ചകള്‍.
ട്രംപിന്റെ സാമ്പത്തിക ഉപരോധം, താരിഫ് അന്ത്യശാസനങ്ങള്‍, അധികാരപ്രയോഗം എന്നിവയ്ക്കെതിരെ ഇന്നലെ അപെക് ഉച്ചകോടിയില്‍ പുട്ടിന് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തുടര്‍ന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്ങുമായുള്ള കൂടിക്കാഴ്ച. അപെക് യോഗത്തില്‍ യുഎസിന്റെ വിദേശസാമ്പത്തികനയത്തെയും രാജ്യങ്ങളിലെ ഇടപെടലുകളേയും ഷിയും ചൈനീസ് വിദേശകാര്യമന്ത്രാലയവും വിമര്‍ശിച്ചിരുന്നു.
എ.ഐ, ചിപ് സാങ്കേതിക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മല്‍സരവും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും കാണുന്നത്. ട്രംപും, പുട്ടിനും ഷിയും ഒരുമിച്ച് ഒരുമണിക്കൂര്‍ നീളുന്ന ത്രികക്ഷി ചര്‍ച്ചകളും നടത്തും.
റഷ്യയ്ക്കും ചൈനയ്ക്കും ഇറാനുമായി മികച്ച നയതന്ത്രബന്ധമുള്ള പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോര്‍മുസിലെ അസ്ഥിരതയും പ്രധാനചര്‍ച്ചാവിഷയമാകും. അതേസമയം, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായും സംസാരിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.