കത്രീന കൈഫ്–വിക്കി കൗശല്‍ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. താരങ്ങളുടെ സമൂഹമാധ്യമ പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ‘ഞങ്ങളുടെ സന്തോഷദിനം വന്നെത്തിയിരിക്കുന്നു. ഏറെ സ്നേഹത്തോടെയും നന്ദിയോടെയും ഞങ്ങളുടെ ആണ്‍കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു, നവംബര്‍ 07,2025, കത്രീന–വിക്കി’–എന്നാണ് ദമ്പതികള്‍ പേജില്‍ കുറിച്ചത്.
വിക്കി കൗശലിന്റെ സഹോദരനും ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്, ഞാനിപ്പോള്‍ അമ്മാവന്‍ ആയെന്നാണ് അദ്ദേഹം കുറിച്ചത്. ശ്രേയ ഘോഷാല്‍, പരിണീതി ചോപ്ര, മാധുരി ദീക്ഷിത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദമ്പതികള്‍ക്ക് അഭിനന്ദനമറിയിച്ചു.
സെപ്റ്റംബര്‍ 23നാണ് തങ്ങള്‍ ആദ്യകുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി വിക്കി–കത്രീന ദമ്പതികള്‍ ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എന്നാണ് അന്ന് ദമ്പതികള്‍ കുറിച്ചത്. കത്രീനയ്ക്കൊപ്പം നില്‍ക്കുന്ന വിക്കി കൗശലിന്റെ ചിത്രം കൂടി ചേര്‍ത്തായിരുന്നു അന്നത്തെ പോസ്റ്റ്. 2021ഡിസംബറില്‍ രാജസ്ഥാനില്‍ വച്ചാണ് കത്രീനയും വിക്കി കൗശലും വിവാഹിതരായത്.