സംസ്ഥാന ചലച്ചിത്രം പുരസ്കാരത്തിലെ തിളക്കത്തിന് പിന്നാലെ അന്താരാഷ്ട്ര വേദിയിലും അംഗീകാരം നേടാന്‍ ഭ്രമയുഗം. ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. അക്കാദമി മ്യൂസിയത്തിന്റെ 'Where the Forest Meets the Sea' എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഇതോടൊപ്പം ഭ്രമയുഗത്തിന് സ്വന്തമാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 12-നാണ് ഈ പ്രത്യേക പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 10.30ക്കാണ് വിവരം പുറത്ത് വിട്ടത്. അതിനുമുന്‍പ് തന്നെ എക്സ് പോസ്റ്റുകളിലൂടെ സംവിധായകനും നിര്‍മാതാവും സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു. നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഭ്രമയുഗം ടീമിന്റെ ഒരു വമ്പൻ അപ്ഡേറ്റ് ഇന്ന് രാത്രി എത്തുമെന്ന് നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. പിന്നാലെ സംവിധായകൻ രാഹുല്‍ സദാശിവം അതിന് മറുപടിയുമായി എത്തി. ഇത് ചതിയാണെന്നും രാത്രി 10:30ന് പുറത്തുവിടാൻ ഇരുന്ന കാര്യമല്ലേ സർ എന്നും പറഞ്ഞു. തനിക്ക് അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ലഭിച്ചില്ലെന്നാണ് നിർമാതാവ് ചക്രവർത്തി പറഞ്ഞത്.
ഇരുവരുടേയും എക്സ് തര്‍ക്കത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ഊഹാപോഹങ്ങള്‍ പടര്‍ന്നു. ചിത്രം കളര്‍ പ്രിന്‍റില്‍ പ്രദര്‍ശിപ്പിക്കുമെന്നും രണ്ടാം ഭാഗത്തിന്‍റെ അപ്ഡേറ്റായിരിക്കാം വരാന്‍ പോകുന്നതെന്നുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചു. ഒടുവില്‍ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണെന്ന അപ്ഡേറ്റ് പുറത്തുവിടുകയായിരുന്നു.