പീപ്പിൾ മാഗസിൻ 2025 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ് ആയി ഹോളിവുഡ് താരം ജോനാഥൻ ബെയ്‌ലി. നവംബർ 3 ന് ദി ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാലൺ എന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതേകുറിച്ച് വളരെ രസകരമായിട്ടാണ് ബെയ്‌ലി പ്രതികരിച്ചത്. ‘ഇതൊരു വലിയ ബഹുമതിയാണ്. വലിയ ആഹ്ലാദമുണ്ട്. എന്നാല്‍ ഇത് പൂർണ്ണമായും അസംബന്ധമാണ്’ 37 കാരനായ താരം പറഞ്ഞു. ആദ്യമായാണ് സ്വവർഗ്ഗാനുരാഗിയായ ഒരു നടൻ പീപ്പിൾ മാഗസിന്‍റെ സെക്സിയസ്റ്റ് മാനായി തിരഞ്ഞെടുക്കപ്പെടുന്നത്.
നെറ്റ്ഫ്ലിക്സ് പരമ്പരയായ ബ്രിഡ്ജർട്ടണ്‍, ജുറാസിക് വേൾഡ് റീബർത്ത്, വിക്കഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയുമാണ് ജോനാഥൻ ബെയ്‌ലി പ്രശസ്തിയാര്‍ജിക്കുന്നത്. കൂടാതെ ഷോടൈം പരമ്പരയായ ഫെല്ലോ ട്രാവലേഴ്സിലെ അഭിനയത്തിന് 2024 ലെ എമ്മി നോമിനേഷനും അദ്ദേഹം നേടിയിട്ടുണ്ട്. വിക്കഡിന്‍റെ രണ്ടാം ഭാഗം വിക്കഡ്: ഫോർ ഗുഡ് നവംബർ 21-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്.
അഞ്ച് വയസ്സുള്ളപ്പോൾ മുതൽ താന്‍ ഒരു നടനാകാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് ബെയ്‌ലി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഏഴാം വയസില്‍ റോയൽ ഷേക്സ്പിയർ കമ്പനിയുടെ നാടകങ്ങളിലൂടെ അദ്ദേഹം ആ ആഗ്രഹം സാധിക്കുകയും ചെയ്തു. അതിനുശേഷം നിരവധി സ്റ്റേജ് ഷോകള്‍. ഈ വർഷം ആദ്യം ലണ്ടനിൽ ഷേക്സ്പിയറിന്റെ റിച്ചാർഡ് II എന്ന നാടകത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 2018 ലാണ് താന്‍ സ്വവർഗ്ഗാനുരാഗിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്. ക്വിയര്‍ സംഘടനകളെ പിന്തുണയ്ക്കാന്‍ ‘ദി ഷെയിംലെസ് ഫണ്ട്’ എന്ന പേരില്‍ സഹായവും അദ്ദേഹം നല്‍കുന്നുണ്ട്.
പീപ്പിൾ മാഗസിന്‍റെ ആദ്യത്തെ സെക്സിയസ്റ്റ് മാന്‍ എലൈവ് ആയത് മെൽ ഗിബ്‌സണാണ്. 1985 ലായിരുന്നു ഇത്. പിന്നീട് ബ്രാഡ് പിറ്റ്, ജോർജ്ജ് ക്ലൂണി, ജോൺ എഫ് കെന്നഡി ജൂനിയർ, ഡേവിഡ് ബെക്കാം, മൈക്കൽ ബി ജോർദാൻ, ജോൺ ലെജൻഡ്, ഡ്വെയ്ൻ ജോൺസൺ, പോൾ റൂഡ്, പിയേഴ്‌സ് ബ്രോസ്‌നൻ, പാട്രിക് ഡെംപ്‌സി എന്നിവരാണ് ഈ ടൈറ്റില്‍ നേടിയ മറ്റുള്ളവര്‍.