ഹോളിവുഡ് നടൻ വിൽ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി വയലിനിസ്റ്റ്. റാപ്പർ കൂടിയായ ബ്രയാൻ കിങ് ജോസഫ് എന്ന വയലിനിസ്റ്റാണ് 2025 മാർച്ചില്‍ ലാസ് വേഗസില്‍ നടന്ന 'ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി' ടൂറിനിടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത്. ലൈംഗിക പീഡനത്തിനും അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനും വിൽ സ്മിത്തിനും നടന്റെ കമ്പനിയായ ട്രേബോൾ സ്റ്റുഡിയോ മാനേജ്‌മെന്റിനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഡിസംബർ 31 നാണ് ലൊസാഞ്ചലസ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ടൂറിനായി കമ്പനി ബുക്ക് ചെയ്ത ഹോട്ടൽ മുറിയില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. മുറിയില്‍ എത്തിയപ്പോള്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ, വൈപ്പുകൾ, എച്ച്ഐവി മരുന്ന്, ഒരു ബിയർ കുപ്പി എന്നിവ കണ്ടെത്തിയതായി ബ്രയാൻ പറയുന്നു. ‘ബ്രയാൻ, ഞാൻ 5:30ന് മുമ്പ് തിരികെ വരും, നമ്മള്‍ മാത്രം’ എന്ന് ഒരു അജ്ഞാത വ്യക്തി എഴുതിയ ഒരു കുറിപ്പും മുറിയിൽ നിന്ന് ലഭിച്ചതായി ബ്രയാൻ ആരോപിക്കുന്നുണ്ട്. സംഭവം ഹോട്ടൽ ജീവനക്കാരെയും ടൂർ മാനേജ്‌മെന്റിനെയും അറിയിച്ചപ്പോൾ കള്ളം പറയുകയാണെന്ന് ആരോപിച്ച് തന്നെ കുറ്റപ്പെടുത്തിയതായും അഞ്ച് ദിവസത്തിന് ശേഷം തന്നെ കമ്പനിയിൽ നിന്ന് പുറത്താക്കിയതായും ബ്രയാൻ പരാതിയില്‍ പറയുന്നു.
2024 നവംബറിലാണ് തന്നെ ജോലിക്കെടുത്തത്. അതിന് ശേഷം, തന്നോടൊപ്പം ഒറ്റയ്ക്ക് കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി. മറ്റാരുമായും ഇല്ലാത്തത്ര പ്രത്യേക ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത് എന്ന് വില്‍ സ്മിത്ത് പറഞ്ഞതായും ബ്രയാൻ പറയുന്നു. ലൈംഗിക ചൂഷണത്തിനായി വിൽ സ്മിത്ത് തന്നെ 'ഗ്രൂം' ചെയ്യുകയായിരുന്നു എന്നാണ് ബ്രയാൻ പരാതിയിൽ ആരോപിക്കുന്നത്. പിരിച്ചുവിട്ടതിന് ശേഷം തനിത്ത് പി.ടി.എസ്.ഡി (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍) ബാധിച്ചതായും സാമ്പത്തിക നഷ്ടമുണ്ടായതായും ബ്രയാന്‍ പറയുന്നുണ്ട്.
അതേസമയം, വില്‍ സ്മിത്തിന്റെ അഭിഭാഷകൻ അലൻ ബി ഗ്രോഡ്‌സ്‌കി ഡെയ്‌ലി മെയിലിന് നൽകിയ പ്രസ്താവനയിൽ ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ട് വില്‍ സ്മിത്തിനെതിരായ ബ്രയാന്‍റെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നാണ് അലൻ പറയുന്നത്. നിയമപരമായി പരാതിയെ നേരിടുമെന്നും അലന്‍ പറയുന്നു.