ഭ്രമയുഗത്തിലെ മമ്മൂട്ടിയെക്കാള്‍ മികച്ച പ്രകടനം നടത്തിയത് പൃഥ്വിരാജാണെന്ന വിമര്‍ശനവുമായി നടന്‍ ഫിറോസ് ഖാന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം തുറന്നുപറഞ്ഞതിന്‍റെ പേരില്‍ അദ്ദേഹത്തിന് ദേശീയ പുരസ്കാരം നഷ്ടമായെന്നും ഇപ്പോള്‍ സംസ്ഥാന പുരസ്കാരവും നഷ്ടമായെന്നും ഫിറോസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.
‘മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്ക്, അദ്ദേഹം നല്ല നടനാണ്. മുരളി, നെടുമുടി വേണു, തിലകൻ, ജഗതി ശ്രീകുമാർ ഇവരെപ്പോലെ നല്ല നടനാണ് മമ്മൂക്കയും. ഇപ്പോൾ അവാർഡ് കൊടുത്തിരിക്കുന്നത് ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനാണ്. അപ്പോൾ എനിക്ക് പറയാൻ ഉള്ളത് ഇതിലും ഗംഭീരമായി ഒരു സിനിമയിൽ അഭിനയിച്ച ആളുണ്ട്. അദ്ദേഹം ഒരു പൊളിറ്റിക്സ് ചങ്കൂറ്റത്തോടെ പറഞ്ഞുവെന്നതിന്റെ പേരിൽ ദേശീയ അവാർഡ് പോയി, സംസ്ഥാന അവാർഡും പോയി, മറ്റാരുമല്ല നമ്മുടെ സ്വന്തം പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ‘ആടുജീവിതം’ എന്ന സിനിമയിലെ അഭിനയം ലിറ്ററലി അവാര്‍ഡിനർഹമാകേണ്ടതല്ലേ, അവാർഡ് അർഹിക്കേണ്ട പ്രകടനം തന്നെയായിരുന്നു,' എന്നാണ് ഫിറോസ് പറഞ്ഞത്.
വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഫിറോസിന് അബദ്ധം മനസിലായത്. ‘ആടുജീവിത’ത്തിലെ അഭിനയിച്ചതിന് പൃഥ്വിരാജിന് 2023ലെ മികച്ച നടനുള്ള പുരസ്കാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഇക്കാര്യം അറിയാതെയായിരുന്നു ഫിറോസ് ഖാന്റെ വിമർശനം. തനിക്കു പറ്റിയ അബദ്ധം കമന്റുകളിലൂടെ പ്രേക്ഷകർ ചൂണ്ടിക്കാട്ടിയതോടെ ഫിറോസ് വിഡിയോ പിൻവലിച്ചു. തന്‍റെ അക്കൗണ്ടില്‍ നിന്നും വിഡിയോ പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഫിറോസിന്‍റെ വിഡിയോ പ്രചരിക്കുന്നുണ്ട്.