ടെലിവിഷൻ ഹാസ്യതാരം എന്ന നിലയിൽ പ്രേക്ഷകമനസ് കീഴടക്കിയ വൈക്കം ഭാസി സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ. മോഹൻലാൽ സംവിധാനം ചെയ്ത ‘ബറോസ്’ സിനിമയിലെ പ്രധാന കഥാപാത്രമായ വുഡൂവിന് ശബ്ദം നൽകിയതിലൂടെയാണ് ഭാസിയെ തേടി പുരസ്കാരം എത്തിയത്. ബറോസ് സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മോഹൻലാൽ ‘ഭാസി’യെ സ്റ്റേജിൽ വിളിച്ച് ചേർത്ത് പിടിച്ചിരുന്നു. ‘ഇതിലെ പ്രധാനപ്പെട്ട ഒരു മാന്ത്രിക കഥാപാത്രത്തിന് ശബ്ദം കൊടുക്കാൻ സാധാരണ ശബ്ദം പോര എന്ന് തോന്നിയപ്പോൾ അതിനുവേണ്ടി ഞങ്ങൾ നടത്തിയ ശ്രമത്തിന്‍റെ അവസാനത്തിൽ ഞങ്ങൾക്ക് ഭാഗ്യം കൊണ്ട് ഒരാളെ കിട്ടി. അദ്ദേഹത്തെ ഞാൻ വിളിക്കാം. മിസ്റ്റർ ഭാസി’ എന്നാണ് മോഹൻലാൽ പറഞ്ഞത്.
കോമഡി സ്കിറ്റുകളിലൂടെ മലയാളിക്ക് സുപരിചിതനായ വൈക്കം ഭാസി മഴവിൽ മനോരമയിൽ ചെയ്ത സ്കിറ്റ് കണ്ടാണ് മോഹൻലാലും സംഘവും ഭാസിയെ ബറോസിലേക്ക് വിളിച്ചത്. പലരും ചെയ്തിട്ട് ശരിയാകാതിരുന്ന ശബ്ദം ഡബ്ബിങ്ങിൽ ഒറ്റയടിക്ക് ശരിയായി. ‘ആദ്യം കുറച്ച് സീനുകൾ ഡബ്ബ് ചെയ്തു. ഡബ്ബ് ചെയ്ത സീനുകൾ മോഹൻലാലിനെ ടി.കെ.രാജീവ്കുമാർ കാണിച്ചു. അത് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു. 2022-ലെ ടെലിവിഷൻ അവാർഡിൽ മികച്ച കോമഡി താരമായിരുന്നു വൈക്കം ഭാസി. 20 വർഷത്തിലേറെയായി ടെലിവിഷൻ, സ്റ്റേജ് പ്രോഗ്രാമുകളിൽ കോമഡി ആർട്ടിസ്റ്റാണ്.