നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് സുമ ജയറാം. മമ്മൂട്ടിയുടെ കുട്ടേട്ടൻ, മഴയേത്തും മുൻപേ, മോഹൻലാലിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അമല– ശ്രീവിദ്യ ചിത്രം എന്റെ സൂര്യപുത്രി, സുരേഷ് ഗോപിയുടെ ഏകലവ്യൻ, സിബി മലയിലിന്റെ ഇഷ്ടം എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ പല വേഷങ്ങളില്‍ സുമയെത്തിയിട്ടുണ്ട്. ഇന്നിതാ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടത് എങ്ങിനെയെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

അന്നെല്ലാം നടിമാര്‍ ‘വിട്ടുവീഴ്ച’യ്ക്ക് തയ്യാറായില്ലെങ്കില്‍ പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നുവെന്ന് സുമ തുറന്ന് പറയുന്നുണ്ട്. തന്റെ വേഷങ്ങൾ പലപ്പോഴും കുറയ്ക്കപ്പെട്ടു. ഒരു പ്രശസ്ത സംവിധായകനില്‍ നിന്നും തനിക്ക് ദുരനുഭവമുണ്ടായെന്നും അത് തന്നെ വല്ലാതെ തളർത്തിയെന്നും സുമ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനോടുള്ള അഭിമുഖത്തിലായിരുന്നു സുമയുടെ വെളിപ്പെടുത്തല്‍.

അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വലിയ കഥാപാത്രമായിരിക്കും എന്നാല്‍ ദൈർഘ്യമേറുമ്പോള്‍ സീനുകള്‍ വെട്ടിക്കുറയ്ക്കാറുണ്ടെന്ന് സുമ പറയുന്നു. അങ്ങനെ, താൻ അഭിനയിച്ചത് ഒടുവിൽ രണ്ട് സീനുകളായി ചുരുങ്ങും. അങ്ങനെയാണ് ചെറിയ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോയതെന്നും താരം പറയുന്നു. പലപ്പോളായിട്ട് തനിക്ക് നഷ്ടപ്പെട്ട വേഷങ്ങളെ കുറിച്ചും സുമ സംസാരിച്ചു. ‘സിബി മലയിലിന്റെ ഭരതം എന്ന സിനിമയിൽ മോഹൻലാലും നെടുമുടി വേണുവും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സഹോദരിയായി അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത് എന്നെയായിരുന്നു. ഞാൻ നാല് ദിവസം അവിടെ താമസിച്ചു. എന്നാല്‍ പത്മരാജൻ അങ്കിള്‍ മരിച്ചതിനുശേഷം എന്നോട് തിരിച്ചു പൊക്കോളാന്‍ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞ്, സുചിത്ര മുരളി ആ വേഷം ചെയ്യുന്നതായി ഒരു മാസികയിൽ ഞാൻ കണ്ടു’ സുമ പറയുന്നു.

സംവിധായകൻ ഫാസിലിന്റെ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലും സമാന അനുഭവമുണ്ടായതായി സുമ പറയുന്നു. ‘ഞാൻ അമലയുടെ സഹോദരിയായി അഭിനയിക്കാൻ പോയി, പക്ഷേ ലൊക്കേഷനിൽ എത്തിയപ്പോഴേക്കും മറ്റൊരാളെ തിരഞ്ഞെടുത്തിരുന്നു. പകരം ഒരു സുഹൃത്തിന്റെ വേഷത്തിലേക്ക് എന്നെ മാറ്റി. സഹോദരിയുടെ വേഷം ചെയ്തത് തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ്’

അന്നെല്ലാം വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ പലപ്പോളും അവസരങ്ങൾ നഷ്ടപ്പെടുമായിരുന്നുവെന്നും സുമ പറയുന്നുണ്ട്. ‘അന്ന് ഇന്നത്തെ പോലെ ആയിരുന്നില്ല. ഇപ്പോള്‍ മീ ടൂ എല്ലാം ഉണ്ട്. ഇന്‍ഡസ്ട്രി ഒരുപാട് മാറിയിരിക്കുന്നു. എന്നാൽ അന്ന് അങ്ങിനെയായിരുന്നില്ല. ധാരാളം ത്യാഗം സഹിക്കേണ്ടിവന്നു. എല്ലാവർക്കും കുടുംബങ്ങളുള്ളതിനാൽ ആരും ശബ്ദമുയർത്തില്ല. ഇന്നും, ശബ്ദമുയർത്തുന്നവർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. നല്ല വേഷങ്ങള്‍ കിട്ടാനായി ‘നിന്നു കൊടുത്തിരുന്നെങ്കില്‍’ രക്ഷപെട്ടേനേ’ സുമ പറയുന്നു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാമെന്നും സുമ പറഞ്ഞു. 

തനിക്ക് പതിനേഴ് വയസുള്ളപ്പോള്‍ ഒരു ‘പ്രമുഖ സംവിധായകൻ’ രാത്രി വൈകി തന്റെ വാതിൽക്കൽ മദ്യപിച്ചെത്തിയ അനുഭവവും സുമ പങ്കുവച്ചു. ‘ഒരിക്കൽ വലിയൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയി. എന്റെ അമ്മ എന്നോടൊപ്പം വന്നു. ഒരു ആഴ്ചത്തേക്ക് ഷൂട്ട് ഷെഡ്യൂൾ ചെയ്തിരുന്നു. രാവിലത്തെ ഷൂട്ടിങ് കഴിഞ്ഞ് വൈകുന്നേരം ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി. രാത്രി 10 മണിയോടെ, ആ പ്രശസ്ത സംവിധായകൻ എന്റെ മുറിയിലെത്തി. ബാൽക്കണി വാതിലിൽ മുട്ടാൻ തുടങ്ങി. ഞങ്ങൾ ജനാലയിലൂടെ നോക്കി, അയാള്‍ പൂര്‍ണമായി മദ്യപിച്ചിരുന്നു. അന്ന് എനിക്ക് ഏകദേശം 16 അല്ലെങ്കിൽ 17 വയസ്സായിരുന്നു, ഞാൻ ഭയന്നുപോയി. കുറച്ചുനേരം മുട്ടിയ ശേഷം, അയാള്‍ പോയി. എന്നിരുന്നാലും, അടുത്ത ദിവസം ലൊക്കേഷനിൽ അദ്ദേഹം ചീത്ത വിളിക്കുന്നത് ഞങ്ങൾ കേള്‍ക്കുന്നത്. അത്തരം അനുഭവങ്ങളാണ് ആളുകളെ നിശബ്ദരാക്കുന്നത്’ സുമ പറയുന്നു. കാലം മാറിയപ്പോള്‍ സിനിമ ചെയ്യണമെന്ന് വീണ്ടും ആഗ്രഹമുണ്ടെന്നും സുമ പറഞ്ഞു. 

തന്നോട് സിനിമ ചെയ്യേണ്ടന്ന് പറഞ്ഞത് സുരേഷ്ഗോപിയാണെന്നും സുമ പറയുന്നു. ‘മൂന്നാംമുറയെന്ന സിനിമയിൽ അഭിനയിക്കുമ്പോള്‍ എന്നെ അമ്മാവൻമാർ വഴക്കുപറയുന്നതാണ് അദ്ദേഹം കണ്ടത്. ചെറിയ പ്രായമായിരുന്നു അന്ന്. ഇപ്പോള്‍ സിനിമയിൽ വരണ്ടെന്നും പഠിക്കാനും സുരേഷേട്ടന്‍ പറഞ്ഞു. അന്ന് താഴെയുള്ളവരെ വളര്‍ത്താന്‍ വേറെ മാര്‍ഗമില്ലാത്തതിനാലാണെന്ന് ഞാന്‍ സുരേഷേട്ടനോട് പറഞ്ഞു. ഞാന്‍ പറയാനുള്ളത് പറഞ്ഞു ബാക്കി നിന്‍റെ ഇഷ്ടം എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ENGLISH SUMMARY:

Veteran actress Suma Jayaram, known for roles in Kuttettan and His Highness Abdullah, revealed in an interview that she lost significant film roles and saw her screen time reduced because she refused to 'compromise.' She recounted a harrowing incident where a prominent director, in a drunken state, tried to enter her room late at night when she was just 17, and mentioned losing the sister role in Sibi Malayil's Bharatham. Suma said silence prevailed as artists feared losing opportunities, though she acknowledges the industry has changed since the Me Too movement.