Image Credit: Instagram.com/durgakrishnaartist
നടിയും നർത്തകിയും അവതാരകയുമായ ദുർഗ കൃഷ്ണ അമ്മയായി. പെൺകുഞ്ഞ് പിറന്നകാര്യം ദുർഗ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ദുർഗയും ഭർത്താവ് അർജുനും കുഞ്ഞിനൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്.
ഇന്ന് രാവിലെയാണ് ദുർഗയ്ക്കും ഭർത്താവ് അർജുനും ആദ്യത്തെ കൺമണി പിറന്നത്. ഭർത്താവിന് പിറന്നാൾ ആശംസ അറിയിച്ചൊരു കുറിപ്പും ദുർഗ രാവിലെ പങ്കുവച്ചിരുന്നു. ഇന്നാണ് ദുര്‍ഗയുടെയും പിറന്നാള്‍. 'ഈ വർഷത്തെ പിറന്നാൾ കൂടുതൽ പ്രത്യേകതയുള്ളതായി തോന്നുന്നു, കാരണം ഇത് നിങ്ങൾ ജനിച്ച ദിവസം മാത്രമല്ല... നമ്മുടെ കുഞ്ഞ് നിങ്ങളെ കാണാൻ തിരഞ്ഞെടുത്ത ദിവസം കൂടിയാണ്. നിങ്ങളുടെ സ്വന്തം ജന്മദിനത്തിൽ നിങ്ങൾ ഒരു അച്ഛനാകും എന്ന ചിന്ത ഹൃദയത്തെ സ്നേഹവും നന്ദിയും കൊണ്ട് നിറയ്ക്കുന്നു. ജീവിതം നമുക്ക് നൽകുന്ന ഏറ്റവും നല്ല സമ്മാനമാണിത്' എന്നാണ് ദുർഗ എഴുതിയ കുറിപ്പ്.
വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്.