സിനിമ സ്വപ്നം കണ്ട് നടന്ന മൂന്ന് ചെറുപ്പക്കാര്‍ 1985ല്‍ തിരുവനന്തപുരത്ത് ആരംഭിച്ചതാണ് സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യന്‍ സിനിമയിലെയും മലയാള സിനിമയിലെയും മലയാള ടെലിവിഷന്‍ മാധ്യമത്തിലെയും പ്രതിഭധനരായ വലിയൊരു നിരയെ വാര്‍ത്തെടുത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിച്ച മഹാരഥന്മാര്‍ക്കുള്ള ഗുരുകടാക്ഷമായി അത് മാറി.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലചിത്ര സംവിധാനം പഠിച്ചിറങ്ങിയ കെ.കെ ചന്ദ്രന്‍, മദ്രാസ് ഫിലിം ചേംബര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജനികാന്തിന്‍റെ സഹപാഠിയായിരുന്ന ആദം അയ്യൂബ്, വര്‍ക്കലക്കടുത്തെ മുത്താന ഗ്രാമത്തില്‍ നിന്നും സിനിമ സ്വപ്നം കണ്ടിറങ്ങിയ പ്രഭാകരന്‍ മുത്താന. ഇവരുടെ സ്വപ്നമായിരുന്ന 1985ല്‍ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് രൂപം നല്‍കിയത്. ഇവരുടെ സ്വപ്നങ്ങള്‍ ചിറക് നല്‍കിയതാകട്ടെ സാക്ഷാല്‍ തിക്കുറുശ്ശി സുകുമരാന്‍ നായര്‍.
തിരുവനന്തപുരത്തെ ചിത്രാഞ്ജലി കോംപ്ലക്സിന് താഴെ തുടങ്ങിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളി യുവതയെ സിനിമയുടെയും ടെലിവിഷന്‍റെയും ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കാനെത്തിയത് ജോണ്‍ എബ്രഹാമും കെജി ജോര്‍ജും അടൂര്‍ ഗോപാലകൃഷ്ണനും ടിവി ചന്ദ്രനുമുള്‍പ്പെടേയുള്ള അതികായര്‍. അവരുടെ ശിഷ്യരാണ് നാല്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുമിച്ചിരിക്കുന്നത്. സംവിധായകന്‍ ടി.വി ചന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. സംവിധായകരായ ടി.കെ രാജീവ് കുമാര്‍, ജി.എസ് വിജയന്‍, രാജസേനന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, നടി മേനക സുരേഷ് തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കാളികളായി.