deva-prakesh

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാര്‍ഡ് നല്‍കാത്തതില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത് , വരുന്ന തലമുറയ്ക്കുനേരെയാണ് ജൂറി കണ്ണടച്ചതെന്നും കുട്ടികളുടെ അവകാശങ്ങള്‍ കാണാതെ പോകരുതെന്നും ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു .

സ്താനാർത്തി ശ്രീക്കുട്ടന്‍,ഗു, ഫീനിക്സ് , ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതല്‍ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും ദേവനന്ദ കുറിച്ചു. നേരത്തെ 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥന്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രം കുട്ടികള്‍ക്ക് വേണ്ടി ഇറങ്ങിയ ചിത്രമാണെന്നും അതിനെ പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്നും ആനന്ദ് പ്രതികരിച്ചു.

ദേവനന്ദയുടെ കുറിപ്പ്

കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത് . സ്താനാർത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും,ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ, കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിഷേധിച്ചുകൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം.

ENGLISH SUMMARY:

Child actor Devananda criticizes the Kerala State Film Awards jury for not awarding children's films or child actors. She argues that the jury overlooked the rights of children and the contributions of young actors in movies like Sthanarthi Sreekuttan, urging for more recognition and opportunities for children in cinema.