സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ വേടന് അവാർഡ് നൽകിയതിനെതിരെ വിമർശനം. രണ്ടു വർഷം മുൻപ് ഹോമിന്റെ നിർമാതാവിനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുടെ പേരിൽ ചിത്രത്തിലെ മികച്ച പ്രകടനങ്ങൾക്ക് ഇന്ദ്രൻസിനും മഞ്ജു പിള്ളയ്ക്കും സംസ്ഥാന പുരസ്‌കാരം നിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചലചിത്ര പ്രവർത്തകർ വിമർശനം ഉന്നയിക്കുന്നത്.
'മഞ്ഞുമ്മൽ ബോയ്‌സി'ലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന റാപ്പ് ഗാനത്തിനാണ് മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തത്. വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ച കേസിലും, ഗവേഷക വിദ്യാർഥിനിയെ അപമാനിച്ച കേസുകളിലും വേടൻ പ്രതിയാണ്. പുലിനഖം കൈവശം വെച്ച കേസ്, കഞ്ചാവ് കേസ്, പഴയ മീ ടു ആരോപണം എന്നിവയും വേടന് എതിരെ നിലനിൽക്കുന്നുണ്ട്. ഹോമിന്റെ നിർമാതാവായ വിജയ് ബാബുവിനെതിരെ പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റ് നടപടികളുണ്ടായിരുന്നു.
''ഇന്ദ്രൻസ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്രതന്നെ എന്നാണ് അഭിഭാഷകയും നടിയുമായ മഞ്ജുവാണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ടു വർഷം മുമ്പ് മനോഹരമായ ഒരു ചിത്രം സംസ്ഥാന അവാർഡ് ജൂറി തഴഞ്ഞത് ആ ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ ലൈംഗികാതിക്രമ കേസ് നിലനിൽക്കുന്നുണ്ട് എന്നത് കൊണ്ടായിരുന്നു. ഇത്തവണ മികച്ച ഗാന രചയിതാവിനുള്ള പുരസ്‌കാരം കൊടുത്തിരിക്കുന്നത് ലൈംഗികാതിക്രമ കേസ് നിലനിൽക്കുന്ന വ്യക്തിക്കാണ് എന്നതിൽ ആശ്ചര്യപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാൻ! ഇന്ദ്രൻസ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്രതന്നെ'', എന്നാണ് മഞ്ജുവാണി എഴുതിയത്.
ഇത്തരം സാഹചര്യങ്ങളിൽ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കണം എന്നാണ് ജോയ് മാത്യു എഴുതിയത്. ''നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?. അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും!'' ജോയ് മാത്യു വിമർശിച്ചു.
അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുക.അപ്പോൾ പിന്നെ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം എന്നും ജോയ് മാത്യു എഴുതി.