ലൈംഗികാരോപണക്കേസുകളില്‍ ഉള്‍പ്പെട്ട റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ച് സംവിധായകന്‍ കെ.പി.വ്യാസന്‍. ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നുമാത്രമേ പറയാനുള്ളുവെന്ന് വ്യാസന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘വേടന്‍റെ സ്ഥാനത്ത് ദിലീപിനായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്കാരിക നായികാനായകന്മാര്‍ എന്തൊക്കെ ബഹളം വച്ചേനെയെന്ന് വ്യാസന്‍ ചോദിച്ചു. ‘ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവര്‍ മാത്രം സൃഷ്ടികള്‍ അവാര്‍ഡിന് അയച്ചാല്‍ മതി എന്ന് നിബന്ധനയും ഉണ്ട്. ആയതിനാല്‍ ഞാന്‍ ഈ അവാര്‍ഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന ഇടതുപക്ഷക്കാരനായ പ്രകാശ് രാജ് ആണ് ജൂറി ചെയര്‍മാന്‍ എങ്കിലും...’ – വ്യാസന്‍ കുറിച്ചു.
മഞ്ഞുമ്മല്‍ ബോയ്സിലെ ‘വിയര്‍പ്പുതുന്നിയിട്ട കുപ്പായം...’ എന്ന പാട്ടാണ് വേടനെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അന്‍പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവല്‍കൃതജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലൂടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരം നല്‍കുന്നതെന്ന് ജൂറി വ്യക്തമാക്കി.