ichaka-lal

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി മോഹൻലാൽ. വിജയികൾക്കെല്ലാം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ മികച്ച നടനുള്ള അവാർഡ് നേടിയ മമ്മൂട്ടിയെ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം എന്നും പറഞ്ഞാണ് അഭിനന്ദിച്ചിരിക്കുന്നത്.

എട്ടാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ലഭിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒരുലക്ഷം രൂപയും ശില്‌പവും പ്രശസ്തിപത്രവുമാണ് മികച്ച നടനു ലഭിക്കുക.

‘കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക്.’–ജൂറിയുടെ വാക്കുകൾ.

ENGLISH SUMMARY:

Kerala State Film Awards honor outstanding achievements in Malayalam cinema. Mammootty's remarkable performance in 'Bramayugam' earned him Best Actor, with Mohanlal extending his congratulations.