ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 യിലെ ജോർജുകുട്ടിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ്, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറിലെ മാത്യു ആയി രണ്ടാം ഭാഗത്തിന്‍റെ സെറ്റിലേക്ക് ‘പറന്ന്’ മോഹൻലാൽ.
മോഹൻലാലിന്‍റെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്. ഏതാനും മണിക്കൂറുകൾ മുൻപാണ് ‘ദൃശ്യം 3’ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവർത്തകർ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ‘ജയിലർ’ സിനിമയിൽ ശ്രദ്ധേയമായ മോഹൻലാലിന്‍റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആണ്.
ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലർ 2’ സിനിമയിലും ലാലേട്ടന്‍റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മാത്യുവിന്‍റെ രണ്ടാം വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകർ കുറക്കുന്നു.
രജനീകാന്തിന്‍റെ മുത്തുവേൽ പാണ്ട്യന്‍റെ സുഹൃത്തായ അധോലോക രാജാവ് മാത്യു ആയി മോഹൻലാൽ സിനിമയുടെ ഒന്നാം ഭാഗത്ത് നിറഞ്ഞാടി. താരത്തിന്‍റെ പ്രത്യേക വേഷവിധാനം ഒരു ട്രെൻഡ് ആയി മാറുകയും ചെയ്തിരുന്നു. രജനിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്.
കേരളത്തിൽ നിന്നും മാത്രം 60 കോടിയോളം രൂപ കളക്റ്റ് ചെയ്യുകയും ചെയ്തു. രണ്ടാം ഭാഗത്തിൽ മോഹൻലാലിനെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, വിനായകൻ, ചെമ്പൻ വിനോദ്, കോട്ടയം നസീർ, മിർന തുടങ്ങി മലയാള നടന്മാരുടെ നീണ്ട നിര ജെയ്ലർ 2 വിലുണ്ട്. ചിത്രം ജൂൺ 12 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ഇൻഡസ്ടറി ഹിറ്റായി മാറിയ ഒന്നാം ഭാഗത്തിന്‍റെ ചരിത്രം ജെയ്ലർ 2 ഉം ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.