മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയതിന് പിന്നാലെ മമ്മൂട്ടിയെ മാധ്യമങ്ങള്‍ വളഞ്ഞു. പെട്ടെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. മമ്മൂക്കാ പുതിയ പടം കളങ്കാവൽ റിലീസാവാന്‍ പോവുകയാണ്. ഈ വര്‍ഷം തൂക്കി, അടുത്ത വര്‍ഷവും തൂക്കോ?. തൂക്കാനിതെന്താ വല്ല കട്ടിയുള്ള സാധനവുമാണോ എന്ന് മമ്മൂട്ടിയുടെ ക്ലാസ് മറുപടി.
പുതുതലമുറയാണ് ഇത്തവണ അവാര്‍ഡെല്ലാം കൊണ്ടുപോയതെന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തക. ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയില്‍പ്പെട്ടയാളാണെന്ന് അടുത്ത തഗ്ഗ്. നമുക്ക് ലഡു ഇല്ലേ മമ്മൂക്കാ എന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തക. ഞാനിതൊന്നും കൊണ്ടുവന്നിട്ടില്ലെന്നും, പടത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ലഡു വാങ്ങാനാവുമോയെന്നും അടുത്ത മറുപടി. മമ്മൂക്കാ പൊളിച്ചു എന്ന് മറ്റൊരു കമന്‍റ്. ആരാ പൊളിച്ചത് മോനേ എന്ന് അടുത്തത്..
ഇതോടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഏറ്റവുമധികം തവണ നേടുന്ന നടനായി മമ്മൂട്ടി മാറി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടിക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. ഇത് മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണ്.
ആറ് പുരസ്കാരങ്ങൾ നേടിയ മോഹന്‍ലാലാണ് മമ്മൂട്ടിക്ക് തൊട്ട് പിന്നിലുള്ളത്. ഭരത് ഗോപി, മുരളി എന്നിവരാണ് മൂന്നാമതുള്ളത്. ഇരുവര്‍ക്കും 4 വീതം സംസ്ഥാന അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്. അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം.. അതാണ് ഇന്നും മമ്മൂട്ടിയെ തിരശീലയിലും പുറത്തും നിലനിര്‍ത്തുന്നത്. അവിടെ ഏതു രോഗത്തിന്‍റെ ഇടവേള പിന്നിട്ടും അയാള്‍ ജയിച്ചുകയറും.
ഭ്രമയുഗം പ്രഖ്യാപിച്ചപ്പോള്‍ അഥർവ്വത്തിലെ തേവള്ളി അനന്തപത്മനാഭനേയോ, വിധേയനിലെ ഭാസ്കര പട്ടേലരെയോ പ്രതീക്ഷിച്ചവരുടെ മുന്നിലായിരുന്നു കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി നിവര്‍ന്ന് നിന്നത്. ഭയത്തിന്‍റെ എട്ടുകാലിവല നെയ്ത് അതിൽ കാണികളെ ഒരക്ഷരം മിണ്ടാൻ കഴിയാതെ കുരുക്കിയിടുന്നതിൽ മമ്മൂട്ടിയല്ലാതെ മറ്റാര്‍ക്കാണ് പറ്റുക.
പരീക്ഷണ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി മാറി എന്നത് പുതിയ കാലത്തിന്‍റെ ക്ലീഷേവാക്കായി മാറി. അയാള്‍ എന്നും പരീക്ഷണങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഭ്രമയുഗം അത് ഊട്ടിയുറപ്പിക്കുന്നുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ആ നടനമികവിന് ലഭിക്കുന്ന വാഴ്ത്തലുകളാണ് സാക്ഷ്യം.