സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനങ്ങൾ സിനിമ രംഗത്തുള്ളവർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ഉദ്വേഗം പകരുന്ന ഒന്നാണ്. പ്രേക്ഷകരെ സംബന്ധിച്ച് അവരവരുടെ പ്രിയതാരങ്ങൾക്ക് പുരസ്കാരം കിട്ടുമോയെന്ന ആശങ്കയും കിട്ടണമെന്ന ആഗ്രഹവും ഒരു വശത്ത്. അത് വെച്ച് വേണം എതിരാളി താരത്തിന്റെ ആരാധകരെ നോക്കി ഗമയിൽ നടക്കണോ ഒഴിഞ്ഞുമാറി നടക്കണോ എന്നൊക്കെ തീരുമാനിക്കാൻ. ഇത് അധികവും താരാരാധനയുടെ ബാക്കിപത്രങ്ങളാണ്. മറ്റ് ഭാഷാ ചിത്രങ്ങളെപ്പോലെയല്ല മലയാളം. ഇവിടെ താരങ്ങൾ തന്നെ മികച്ച നടൻമാരും നടിമാരുമാവുന്നതുകൊണ്ട് പുരസ്കാരം കിട്ടുന്നതിലും ആ മത്സരം ആരാധകരിലേക്ക് ആവേശം പകരും. പക്ഷേ നടിമാരുടെ കാര്യത്തിൽ ഫാൻസ് അസോസിയേഷനുകൾ ഇല്ലാത്തതിനാൽ ആർക്ക് കിട്ടിയാലും സന്തോഷം, ഇല്ലെങ്കിൽ ഇല്ല എന്നതാണല്ലോ മലയാളിയുടെ ഒരു നിലപാട്. അതുകൊണ്ടാവണം മലയാള ചലച്ചിത്രങ്ങളിലെ മികച്ച നടിമാരുടെ പ്രഖ്യാപനങ്ങളിൽ പ്രേക്ഷകർക്ക് അപരിചിതത്വമുള്ളവർ ഇടയ്ക്കിടെ ഞെട്ടിച്ച് പുരസ്കൃതരാവുന്നത്.
ഇത്തവണയും അങ്ങനെയൊരു സർപ്രൈസുണ്ട്, ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ മിന്നും പ്രകടനത്തോടെയാണ് ഷംല കേരളത്തിലെ ഇക്കഴിഞ്ഞ വർഷത്തെ മികച്ച നടിയാവുന്നത്. മമ്മൂട്ടി മികച്ച നടനാവുമ്പോൾ മികച്ച നടിയാവുന്നത് ഷംലയാണ്. കഴിഞ്ഞ വർഷത്തിന്റെ തുടർച്ചയായി ഷംലയെ കാണാം. കാരണം 2023-ലെ മികച്ച നടിയായി ഉർവശിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ടത് ഒരു താരനടിയായിരുന്നില്ല, അഭിനയത്തിലെ താരമായ ബീന ആർ. ചന്ദ്രനായിരുന്നു, 'തടവ്' എന്ന ചിത്രത്തിലെ പ്രകടനത്തിന്. ഉർവശിയെ അറിയാം, അതാരാ ബീന ആർ. ചന്ദ്രൻ എന്ന് പ്രേക്ഷകർ അധികവും അന്വേഷിച്ചു. ഇത്തവണ ആ നിയോഗം ഷംല ഹംസയ്ക്കായിരുന്നു.
ആരാ ഈ ഷംല ഹംസ?
ആദ്യമേ പറയട്ടെ, ഫെമിനിച്ചി ഫാത്തിമയിലെ അമ്മയുടെ വേഷം പോലെ ഒരു കുഞ്ഞിന്റെ അമ്മയാണ് ഷംല. റേഡിയോ ജോക്കിയായിരുന്നു. 1001 നുണകളായിരുന്നു ആദ്യചിത്രം. തന്റെ കുഞ്ഞിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഷംല ഫെമിനിച്ചിയിലെ ഫാത്തിമയായെത്തിയത്. IFFK-യിൽ ഉശിരൻ കയ്യടി നേടിക്കൊണ്ടാണ് ഫെമിനിച്ചി ഫാത്തിമ സിനിമ പ്രേക്ഷകരിലേക്ക് കാലെടുത്തുവച്ചത്. ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ മുഹമ്മദ് മികച്ച നവാഗതസംവിധായകനുമായി.
അപ്പോ ആരായിരുന്നു ബീന ആർ. ചന്ദ്രൻ?
ഉർവശിയുടെ അസാധ്യ അഭിനയത്തെ അറിയാത്തവരല്ല മലയാളികൾ. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശി പക്ഷേ സംസ്ഥാന പുരസ്കാരം പങ്കിട്ടു, കഴിഞ്ഞവർഷം ബീന ആർ. ചന്ദ്രനുമായി. അതുമതിയായിരുന്നു ബീന ആർ. ചന്ദ്രന്റെ കാലിബർ മനസിലാക്കാൻ. നായികയായി എത്തി പ്രേക്ഷകമനം കവർന്ന നടി എന്ന പ്രശംസയ്ക്കപ്പുറമുള്ള അഭിനേത്രിയാണ് ബീന. IFFK സ്ക്രീനിലൂടെയാണ് ബീനയും ആദ്യം കയ്യടിയും പ്രശംസയും നേടുന്നത്.
40 വർഷമായി നാടകരംഗത്ത് സജീവമാണ് ബീന. യു.പി. സ്കൂൾ അധ്യാപികയാണ്. പാഠഭാഗങ്ങളെ നാടകരൂപത്തിലാക്കി കുട്ടികളിലേക്ക് എത്തിക്കുന്ന പ്രിയപ്പെട്ട ടീച്ചർ. 2008-ൽ എം.ജി. ശശിയുടെ അടയാളങ്ങളാണ് ആദ്യ സിനിമാഭിനയം. സുദേവന്റെ തട്ടുംപുറത്തപ്പനും ക്രൈം നമ്പർ 89-ലും വേഷമിട്ടു. രണ്ടും സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ച സിനിമയാണ്. 'തടവി'ന്റെ സംവിധായകനായ ഫാസിൽ റസാഖിന്റെ ഹ്രസ്വചിത്രങ്ങളായ 'അതിരി'ലും 'പിറ'യിലും പിന്നെ വേഷമിട്ടു. ശേഷമാണ് തടവ് സംഭവിച്ചത്.
തൃത്താലക്കാർ, മികച്ച നടിമാർ
കഴിഞ്ഞ രണ്ടുവർഷം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടി പാലക്കാട് ജില്ലയിലെ തൃത്താലയിൽ നിന്നാണ്. ബീന ആർ. ചന്ദ്രൻ തൃത്താല പരുതൂർ സ്വദേശിയാണ്. പരുതൂർ സി.ഐ.യു.പി. സ്കൂൾ അധ്യാപിക. ഷംല ഹസൻ തൃത്താല സ്വദേശിയാണ്. ബീന ആർ. ചന്ദ്രനും ഷംലയും അവരവരെ പുരസ്കാര ജേതാക്കളാക്കിയ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ അതിലും സാമ്യതകളുണ്ട്. ഫെമിനിച്ചി ഫാത്തിമയിൽ കുട്ടിയുള്ള വീട്ടമ്മയായാണ് ഷംല എത്തിയത്. തടവിൽ ടീച്ചറുടെ വേഷത്തിലായിരുന്നു 'ശരിക്കും ടീച്ചറായ' ബീനയുടെ പകർന്നാട്ടം.
താരപ്പകിട്ടില്ല, പക്ഷേ പുരസ്കാരത്തിളക്കമേറെയുണ്ട്
സംസ്ഥാന ദേശീയ പുരസ്കാരങ്ങളിൽ താരപ്പകിട്ടില്ലാത്തവർ മികച്ചവരായ ചരിത്രം ഏറെയുണ്ട്. മലയാളത്തിൽ നടന്മാർ താരങ്ങളായതിനാൽ അവരെ വിട്ടൊരു കളിയില്ലാത്തതിനാൽ, നടിമാരുടെ കൂട്ടത്തിലാണ് താരപ്പകിട്ടില്ലാത്ത ചില 'പുതുമുഖങ്ങൾ' പലപ്പോഴും അഭിനയപാടവം ഒന്നുകൊണ്ട് മാത്രം മികച്ചവരാവുന്നത്. അടുത്ത കാലത്തേക്കൊന്ന് പിന്തിരിഞ്ഞ് നോക്കിയാൽ അങ്ങനെ വേറെയുമുണ്ട്. 2019-ൽ സുഡാനി ഫ്രം നൈജീരിയയിലെ അഭിനയമികവിന് അന്നേ വരെ സിനിമയിൽ കാണാത്ത സാവിത്രി ശ്രീധരനും ഒരു സിനിമയിൽ മാത്രം മുഖം കാണിച്ച സരസ ബാലുശ്ശേരിയും മികച്ച സ്വഭാവനടിമാരായി.
രണ്ടുപേരും കോഴിക്കോടൻ അമേച്വർ നാടകരംഗത്തുനിന്ന് വന്നവർ. സാവിത്രി ശ്രീധരന് ദേശീയ പുരസ്കാര ജൂറി പ്രത്യേക പരാമർശവും ലഭിച്ചു. എൺപതുകളിൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ 'ഉയരും ഞാൻ നാടാകെ' എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്താണ് സരസ ബാലുശേരി സിനിമയിലെത്തുന്നത്. പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം സുഡാനിയിലൂടെ വീണ്ടും. അവാർഡുകളുടെ ഒരേയൊരു മാനദണ്ഡം മികച്ച അഭിനയമായി പരിഗണിക്കപ്പെടുന്ന കാലത്തോളം ഇങ്ങനെ അനവധി അനവധി നടിമാരും നടൻമാരും പുരസ്കാരപ്പകിട്ടിൽ താരങ്ങളാവും.