നീണ്ട ഇടവേളയ്ക്ക് ശേഷം കന്നഡ സൂപ്പര്‍ താരം യഷ് നായകനാവുന്ന 'ടോക്സിക്കി'നായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. 2022ല്‍ പുറത്തുവന്ന 'കെജിഎഫ് ചാപ്റ്റര്‍ 2'വിന് ശേഷം താരം മറ്റ് പ്രൊജക്ടുകളൊന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്കി'ല്‍ യഷ് നായകനാകും എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
പ്രഖ്യാപനം നടന്ന് അധികനാളുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തെ പറ്റി പല ഊഹോപോഹങ്ങളും പരന്നിരുന്നു. അടുത്തിടെ ചിത്രീകരണം നിര്‍ത്തിവച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഗീതു മോഹൻദാസും യഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചതായി കന്നഡ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടയ്ക്ക് ഊഹോപോഹങ്ങള്‍ അവസാനിപ്പിച്ച് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 2026 മാർച്ച് 19 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നിർമാതാക്കളിലൊരാളായ കെവിഎൻ പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു.
സിനിമാ നിരൂപകൻ തരൺ ആദർശ് പങ്കുവച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് കെവിഎൻ പ്രൊഡക്ഷൻസ് റിലീസ് തീയതി സ്ഥിരീകരിച്ചത്. ‘അഭ്യൂഹങ്ങൾ നിർത്തൂ... യഷിന്റെ അടുത്ത ചിത്രം ‘ടോക്സിക്’ വൈകുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. 2026 മാർച്ച് 19 ന് തന്നെ ചിത്രം റിലീസ് ചെയ്യും. നിർമാതാക്കളോട് സംസാരിച്ചു. ടോക്സിക് 2026 മാർച്ച് 19 ന് (വ്യാഴാഴ്ച) റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. വിവിധ വിശേഷ ദിവസങ്ങളുള്ളതുകൊണ്ട് റിലീസിന് അനുയോജ്യമായ സമയമാണിത്.’ തരുണ്‍ ആദര്‍ശ് കുറിച്ചു.
ഇംഗ്ലിഷിലും കന്നഡയിലും ചിത്രീകരിച്ച ‘ടോക്സിക്’ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ ഡബ്ബ് ചെയ്യും. ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്’. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്.