സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലായിരുന്നു പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ പ്രഖ്യാപനത്തില്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 'അതിദാരിദ്ര്യമുക്ത സംസ്ഥാനം, കേരളം നാളെ ചരിത്രം സൃഷ്ടിക്കു'മെന്ന പോസ്റ്റ് പങ്കുവച്ച് നടന്‍ സന്തോഷ് കീഴാറ്റൂരും അഭിനന്ദനം പങ്കുവച്ചിരുന്നു.
ഈ പോസ്റ്റിന് വന്ന കമന്‍റുകള്‍ക്ക് സന്തോഷ് കൊടുത്ത മറുപടികള്‍ ശ്രദ്ധ നേടുകയാണ്. കൂടുതലും വിമര്‍ശനങ്ങളായിരുന്നു പോസ്റ്റിന് വന്നിരുന്നത്. 'കുടിൽ പോലുമില്ലാത്ത മൂന്ന് നേരം ഭക്ഷണം കിട്ടാത്തവർ എത്രയോ ഉണ്ട്. കേന്ദ്രം തരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കല്ലേ', എന്നായിരുന്നു ഒരു കമന്‍റ്. കേരളം വിട്ടിട്ട് എത്ര കാലമായെന്നും സ്വന്തം നാടിൻ്റെ വളർച്ചയിൽ സന്തോഷിക്കയല്ലേ വേണ്ടതെന്നുമായിരുന്നു ഇതിന് സന്തോഷിന്‍റെ മറുപടി.
'ഒന്നു മുത്തങ്ങയിലും അട്ടപ്പാടിയിലും ഒക്കെ പോയി നോക്കൂ താങ്കൾ, അപ്പോൾ കാണാൻ കഴിയും സത്യം, ഒരു നേരത്തെ ആഹാരം കഴിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരെ, വനത്തിൽ കുടിൽ കെട്ടി കുടിവെള്ളം പോലും ഇല്ലാത്ത ദരിദ്രരായ ജനങ്ങളെ,' എന്ന മറ്റൊരു കമന്‍റിന് 'ഈ പറയുന്ന സ്ഥലത്ത് താങ്കൾ എപ്പഴെങ്കിലും പോയിട്ടുണ്ടോ, ഞാൻ പോയിട്ടുണ്ട്' എന്നും സന്തോഷ് മറുപടി നല്‍കി. 'താങ്കളുടെ ദാരിദ്ര്യം മാത്രം മാറിയാൽ മതിയോ', 'കമ്മിറ്റിയിൽ കയറ്റി.. അയിനാണ്', 'നില നിൽപ്പിനു വേണ്ടിയുള്ള പോസ്റ്റ് ആണെന്ന് എല്ലാവർക്കും അറിയാം,' എന്നിങ്ങനെ പരിഹസിച്ചും അധിക്ഷേപിച്ചും നിരവധി കമന്‍റുകളുണ്ട്.
അതേസമയം വൈകിട്ട് മൂന്ന് മണിക്ക് മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ ചടങ്ങിലും മുഖ്യമന്ത്രി അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം നടത്തും. അതേസമയം അതിദരിദ്രരെ എങ്ങിനെകണ്ടെത്തി? അഞ്ചരലക്ഷത്തോളംപേര്‍ സൗജന്യ റേഷന്‍ വാങ്ങുന്ന സംസ്ഥാനത്ത് 64006 അതി ദരിദ്രരെ ഉള്ളൂ എന്നാരു പറഞ്ഞു? എന്നീ കാതലായ ചോദ്യങ്ങളുമായി ഡോ.ആര്‍.വി.ജി മേനോന്‍, ഡോ.എം.എ.ഉമ്മന്‍, ഡോ. ജെ.ദേവിക, ഡോ.കെ.പി.കണ്ണന്‍ തുടങ്ങി 25 സാമ്പത്തിക–സാമൂഹിക ശാസ്ത്ര വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.