Image Credit: Instagram (@narvinidery & @ajmal_amir)

നടൻ അജ്മൽ അമീറിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി തമിഴ് നടി നർവിനി ദേരി. ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറിയെന്നാണ് നർവിനി പറയുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപെട്ടതെന്നും നർവിനി പറഞ്ഞു. തമിഴ് യുട്യൂബ് ചാനലായ ‘ട്രെൻഡ് ടോക്സി’ന് നൽകിയ അഭിമുഖത്തലാണ് വെളിപ്പെടുത്തല്‍. നേരത്തേയും നര്‍വിനി ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു.

നർവിനിയുടെ വാക്കുകൾ: 

‘ഒരുപക്ഷെ അജ്മൽ അമീറിനെതിരെ ആദ്യം രംഗത്തുവന്നത് ഞാനായിരിക്കും. മുൻപ് എന്റെ സുഹൃത്തിന് നൽകിയ ഇൻസ്റ്റഗ്രാം ഇന്റർവ്യൂവില്‍ അജ്മൽ അമീറിന്റെ അതിക്രമങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. 2018ലായിരുന്നു സംഭവം. ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ ഒരു മാളിൽ വച്ചാണ് അജ്മൽ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അത്ര പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അത് അജ്മൽ അമീർ ആണെന്ന് പറഞ്ഞുതന്നത്. അവിടെവച്ച് അജ്മൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ അഭിനേതാവല്ലേ തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. നമ്പറും ഷെയര്‍ ചെയ്തു. വാട്സ്ആപ്പിൽ മെസജ് അയക്കുകയും ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു.

പിന്നീട് അജ്മൽ എന്നോട് ഓഡിഷന് വരാന്‍ പറഞ്ഞു. എന്നാല്‍ ഞാൻ അടുത്ത ദിവസം ഡെൻമാർക്കിലേക്ക് പോകുന്നതിനാൽ വരാൻ കഴിയില്ലെന്ന് അറിയിച്ചു. എങ്കിൽ ഇപ്പോൾ തന്നെ വന്നു ടീമിനെ മീറ്റ് ചെയ്യാം എന്നായി. ഇത്ര പെട്ടെന്ന് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ വന്ന് മീറ്റ് ചെയ്താല്‍ മാത്രം മതി ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. സിനിമ തുടങ്ങാൻ കുറച്ചു സമയമെടുക്കുമെന്നും പറഞ്ഞു.

അന്ന് രാത്രിയായിരുന്നു എനിക്ക് ഫ്ലൈറ്റ്. എങ്കിലും ഓഡിഷന് പോയി. സാധാരണ ഓഡിഷന് പോകുമ്പോൾ കൂടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടാകുമായിരുന്നു. പക്ഷേ അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. അറിയപ്പെടുന്ന ഒരു നടനായതിനാല്‍ എനിക്ക് പേടിയും തോന്നിയില്ല. എവിടെയാണ് വരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ലൊക്കേഷന്‍ അയച്ചുതന്നു. ഞാൻ ഗൂഗിൾ ചെയ്ത് നോക്കി. ഇതത്ര പ്രസിദ്ധമായ സ്ഥലമല്ലല്ലോ എന്ന് ഞാൻ ചോദിച്ചു. ഒരു ഹോട്ടലോ കോഫി ഷോപ്പോ അങ്ങനെന്തോ ആണെന്നാണ് പറഞ്ഞത്. നല്ല സ്ഥലമാണെന്നും പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നിയിരുന്നു.

ഞാൻ കതകില്‍ മുട്ടിയപ്പോൾ അജ്മൽ വാതിൽ തുറന്നു. ടീമംഗങ്ങൾ എവിടെയെന്ന് ചോദിച്ചപ്പോൾ‌ അവരിപ്പോൾ പുറത്തേക്ക് പോയെന്നായിരുന്നു മറുപടി. എങ്കിൽ നമുക്ക് താഴെ കാത്തിരിക്കാം എന്ന് ഞാൻ‌ പറഞ്ഞപ്പോൾ‌ അജ്മൽ സമ്മതിച്ചില്ല. എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ റൂമിലേക്ക് കയറിപ്പോൾ അജ്മൽ എനിക്ക് ഭക്ഷണം വിളമ്പിയെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. 20 മിനിറ്റില്‍ ഞാന്‍ മെസേജ് അയച്ചില്ലെങ്കില്‍ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് മെസേജ് അയച്ചിട്ടു.

ഇതിനിടെ അജ്മൽ സംസാരിച്ചുകൊണ്ട് എന്റെ ബാഗ് എടുത്തുമാറ്റി എന്റെയടുത്ത് വന്നിരുന്നു. ഞാൻ കൈ കഴുകണമെന്ന് പറഞ്ഞ് എഴുന്നേറ്റ് വാഷ് റൂമില്‍ കയറി. പിന്നെ എന്ത് ചെയ്യണം എന്നായി എന്‍റെ ചിന്ത. എങ്ങനെ നേരിടണം എന്ന് ഞാന്‍ ആലോചിച്ചു. ഞാൻ മുൻപ് സൈക്യാട്രി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. ഇതുപോലുള്ള ഒരുപാട് പേരെ കൈകാര്യം ചെയ്തിട്ടുമുണ്ട്.

ഞാൻ പുറത്തിറങ്ങിയതും അയാൾ പാട്ടുവച്ച് എന്റെ കൈയ്യിൽ പിടിച്ചു. ഡാൻസ് ചെയ്യാമെന്ന് പറഞ്ഞു. അപ്പോൾ തന്നെ കൈ വിടുവിച്ച് നിങ്ങളുടെ ഉദ്ദേശ്യം എനിക്ക് മനസിലായി, പക്ഷെ ഞാനതിനല്ല വന്നത് എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് താല്പര്യമില്ലെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ‘ഞാന്‍ ഇത്ര സുന്ദരനായ ആളല്ലേ, എത്ര പെൺകുട്ടികൾ എന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ’ എന്നായിരുന്നു മറുപടി.  'എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല' എന്ന് ഞാന്‍ പറഞ്ഞു. ഞാനയാളെ മാനസികമായി തളർത്താൻ ശ്രമിക്കുകയായിരുന്നു. എന്താ നിനക്കെന്നെ ഇഷ്ടമല്ലാത്തതെന്നായി അയാള്‍. ഇതിനിടയിൽ എന്നെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു. ഞാന്‍‌ അത് തടഞ്ഞു.

നിനക്ക് എന്നെ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. പെട്ടെന്ന് അയാൾക്കൊരു കോൾ വന്നു. ഈ സമയം ഞാൻ എന്റെ ഫോൺ എടുത്ത് എന്നെ കാത്തുനിന്നിരുന്ന ഊബർ ഡ്രൈവര്‍ക്ക് മെസേജ് അയച്ചു. എന്റെ സഹോദരിമാർ പുറത്തു കാത്തു നിൽക്കുന്നുണ്ടെന്നും ഞാൻ പോയില്ലെങ്കിൽ അവർ മുകളിലേക്ക് കയറി വരുമെന്നും പറഞ്ഞു. അപ്പോള്‍ തന്നെ എന്‍റെ സുഹൃത്ത് എന്ന മൊബൈലില്‍ വിളിച്ചു. റൂം ബോയി കോളിങ് ബെല്ല് അടിക്കുകയും ചെയ്തു. അജ്മൽ വാതിൽ തുറന്നയുടനെ ഞാൻ ഇറങ്ങിയോടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഞാൻ അവിടെ നിന്ന് രക്ഷപെട്ടത്.

എന്റെ സുഹൃത്തിനോട് ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. അന്വേഷിച്ചപ്പോൾ നിരവധി പെൺകുട്ടികളോട് അജ്മൽ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. ഈ സംഭവത്തിന് ശേഷവും അയാൾ എനിക്ക് നിരന്തരം മെസജ് അയക്കുമായിരുന്നു. ഇനിയും കാണാൻ പറ്റുമോ എന്ന് ചോദിക്കും. പഠനവും ജീവിതവും ഓര്‍ത്താണ് അന്ന് പൊലീസില്‍ പരാതിപ്പെടാതിരുന്നത്.’ നർവിനി പറഞ്ഞു നിര്‍ത്തുന്നു.

‘സിനംകോൽ’, ‘ഉയിർവരായി ഇനിത്തായി’ എന്നീ ചിത്രങ്ങളിലെ നായികയാണ് നർവിനി.

ENGLISH SUMMARY:

Tamil actress Narvini Dery (of Sanamkol fame) revealed in an interview that actor Ajmal Ameer allegedly called her for an audition in 2018 under false pretences and behaved inappropriately. She described her narrow escape from a hotel room after he dismissed his team and tried to sexually assault her. Narvini claims she later learned Ajmal had done this to many other girls but she did not file a police complaint at the time due to fear for her career and life.