ആട് സീരീസിലെ ഹിറ്റ് കഥാപാത്രമായ ഡ്യൂഡ് ലുക്കില്‍ സെറ്റിലെത്തി നടന്‍ വിനായകന്‍.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ആട് 3യുടെ സെറ്റിലേക്കാണ് വിനായകന്‍ എത്തിയത്. ചുവന്ന ഓവര്‍കോട്ടും വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും കൂളിങ് ഗ്ലാസുമിട്ട് കാരവാനില്‍ നിന്നിറങ്ങി വന്ന വിനായകനെ കരഘോഷത്തോടെയാണ് സെറ്റിലുള്ളവര്‍ വരവേറ്റത്. സംവിധായകന്‍ ഡ്യൂഡിന് തന്‍റെ ആയുധമായ തോക്ക് കൊടുത്താണ് സ്വീകരിച്ചത്.
കഥാപാത്രങ്ങളെല്ലാം പഴയ ലുക്കിലെത്തുന്ന വിഡിയോ സംവിധായകന്‍ തന്നെ പങ്കുവെക്കുന്നുണ്ട്. ജയസൂര്യ ഷാജി പാപ്പന്‍റെ ലുക്കില്‍ എത്തിയ വിഡിയോയും അറക്കല്‍ അബുവായി സൈജു കുറുപ്പ് സെറ്റിലെത്തിയ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ആട്–3 ഒരു എപിക് ഫാന്‍റസി ചിത്രമായിരിക്കുമെന്ന് മിഥുന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മിഥുന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്, സണ്ണി വെയ്ന്‍, വിജയ് ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്.
തിയറ്ററില്‍ പരാജയപ്പെട്ട ആട് സീരീസിലെ ആദ്യ ചിത്രം ഡിവിഡി റിലീസിന് ശേഷമാണ് ചര്‍ച്ചയായത്. പലരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പറയുകയുണ്ടായി. ഇതോടെയാണ് രണ്ടാംഭാഗത്തെക്കുറിച്ച് സംവിധായകന്‍ ചിന്തിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ആട്–2 വലിയ വിജയമായി തീര്‍ന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് ആട് 3 തിയേറ്ററിലേക്കെത്തും.