സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം അന്തിമഘട്ടത്തിലേയ്ക്ക്. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും തമ്മിലാണ് മല്‍സരം.പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍. നവംബര്‍ ഒന്നിനോ രണ്ടിനോ പുരസ്കാരം പ്രഖ്യാപിക്കും
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി മമ്മൂട്ടിക്ക് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുമോയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ഒരുസാമ്യവുമില്ലത്തയാളാണ് പോറ്റി.ലെവല്‍ ക്രോസ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്തമല്‍സരം കാഴ്ചവയ്ക്കുന്നു. ലെവന്‍ ക്രോസിന് പുറമെ കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീചിത്രങ്ങളില്‍ ആസിഫ് അലിയുടെ പ്രകടനം ജൂറിക്ക് മുന്നിലുണ്ട്.
കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ആവേശത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസില്‍, എ.ആര്‍.എം എന്ന ചിത്രത്തില്‍ മൂന്നുകഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസ് എന്നിവരും ജൂറിയുടെ പരിഗണനയ്ക്ക്
200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ്, വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, കോളജ് ക്യാംപസുകളിലെ ട്രന്‍റ് സെറ്ററായ പ്രേമലു,, ക്രൂരത കടന്നുപോയെന്ന വിമര്‍ശനം കേട്ട മാര്‍ക്കോ, ഐ.എഫ്.എഫ് കെയില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ , ത്രിമാന ചിത്രങ്ങളായ എ.ആര്‍.എം, ബറോസ് അങ്ങനെ കാഴ്ചവൈപുല്യമാണ് ജൂറിക്ക് മുന്നില്‍
കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യപ്രഭഫ, രേഖാചിത്രത്തിലെ രേഖാ പത്രോസായ അനശ്വര രാജന്‍, ബോഗെയ്ന്‍ വില്ലയിലെ റീതു എന്ന എസ്തര്‍ ഇമ്മാുവലായി മാറിയ ജ്യോതിര്‍മയി, എ.ആര്‍.എമ്മില്‍ മണിയന്‍റെ ഭാര്യയും അജയന്‍റെ മുത്തശ്ശിയുമായി വരുന്ന മാണിക്യത്തെ അവതരിപ്പിച്ച സുരഭി ലക്ഷ്മി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ,,, ഷംല ഹംസ എന്നിവരൊക്കെ മികച്ച നടിമാരാകാന്‍ മല്‍സരിക്കുന്നു. സൂക്ഷമദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ട്.
പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ 128 ചിത്രങ്ങള്‍ മല്‍സരത്തിനെത്തിയെങ്കിലും പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം മുപ്പതുശതമാനം ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണയില്‍. ചിത്രങ്ങള്‍ കണ്ടുതീരുകയാണെങ്കില്‍ നവംബര്‍ ഒന്നിനുതന്നെ അവാര്‍ഡ് പ്രഖ്യാപനവുമുണ്ടാകും. ഒന്നോരണ്ടോദിവസം മാറിയേക്കാം.