കുട്ടികൾക്കു വേണ്ടിയുള്ള ഒരു ഫാഷൻ ഷോ നടക്കുന്നു. കോട്ടയം കിടങ്ങൂരിൽ വേഴമ്പശ്ശേരിൽ വീട്ടിലെ ഡോ. ബൈജുവിന്റെയും മിനിയുടെയും മകളായ ആ ആറുവയസുകാരി ആ പരിപാടിയില്‍ പങ്കെടുക്കുന്നു. . ഷോയിൽ വിജയികളായവരുടെ ഫോട്ടോഷൂട്ട് കഴിഞ്ഞ് ഇറങ്ങാറായപ്പോൾ 500 രൂപ സമ്മാനമായി ആ കുഞ്ഞിന് കിട്ടുന്നു. കാലം കടന്നുപോയി ആ കുഞ്ഞ് വളര്‍ന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോള്‍ സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ അഭിനയിക്കുന്നു, പിന്നീട് ഒന്നു രണ്ടു പരസ്യചിത്രങ്ങള്‍, ഒന്നോ രണ്ടോ സീനില്‍ വന്ന് പോകുന്ന പത്തിലേറെ സിനിമകൾ, പലതിലും കുറുമ്പുള്ള കൗമാരക്കാരിയായി, പെങ്ങളായി, കാമുകിയായി പ്രേക്ഷകരുടെ മുന്നില്‍ ഓര്‍ക്കുന്ന മുഖമായി മാറി. ഒരു മിനി കൂപ്പറും ഓടിച്ച് പ്രേമലുവിലെ റീനു ആയി വന്നപ്പോള്‍ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു മമിത ബൈജു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള നായിക നടി.
ഏറ്റുമാനൂർ മേരിമൗണ്ട് പബ്ലിക് സ്കൂളിലെ ആ പഴയ കലാതിലകമല്ലാ ഇന്ന് മമിത ബൈജു. തെന്നിന്ത്യയിൽ സിനിമയൊന്നാകെ നോക്കിക്കാണുന്ന നായക നടി. തൊട്ടതെല്ലാം ബോക്സോഫീസ് ഹിറ്റ്. സിനിമാ സംവിധായകൻ ആവണമെന്ന അച്ഛന്‍റെ ആഗ്രഹം നടക്കാതെ പോയിടത്ത് അതേ സിനിമ ലോകത്ത് അറിയപ്പെടുന്ന നായികയായി മാറിയിടത്താണ് മമിത എന്ന താരത്തിന്‍റെ മിടുക്ക്. ഓപ്പറേഷൻ ജാവയിലെ അൽഫോൻസയും സൂപ്പര്‍ ശരണ്യയിലെ സോനയും പ്രണയവിലാസത്തിലെ ഗോപികയും തുടക്കവഴിയില്‍ മമിത എന്ന താരത്തെ അടയാളപ്പെടുത്തി. പ്രേമലുവാണ് കരിയര്‍ ബ്രേയ്ക്ക്. പ്രേമലുവിലെ റീനു ചിരിപ്പിച്ചും പ്രണയിപ്പിച്ചും പ്രേക്ഷകനെ ഒപ്പം കൂട്ടി. അന്നുവരെ കണ്ട മമിതയില്‍ നിന്ന് ഒരു താരത്തിലേയ്ക്കുള്ള വളര്‍ച്ചയായി അത് മാറി.
ഹൈദരാബാദില്‍ പ്രേമലു പ്രമേഷനെത്തിയ മമിതയെ ആരാധകര്‍ പൊതിയുകയായിരുന്നു. അത്രത്തോളം സ്വീകാര്യതയായിരുന്നു മമിതയ്ക്ക് ആ നാട്ടില്‍ കിട്ടിയത്. സാക്ഷാൽ രാജമൗലി വരെ പ്രേമലുവിലെ മമിതയുടെ അഭിനയത്തെ പുകഴ്ത്തി കൊണ്ട് രംഗത്തെത്തിയിരുന്നു. തമിഴകത്തെ പുതിയ സാന്നിധ്യമായ പ്രദീപ് രംഗനാഥനൊപ്പം മമിത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഡ്യൂഡ്’ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. പ്രദീപ്–മമിത കോംബോയ്ക്കും ആരാധകരേറെ,
വിജയ്, സൂര്യ, ധനുഷ് എന്നിവരോടൊപ്പമാണ് മമിതയുടെ പുതിയ ചിത്രങ്ങള്‍, മലയാളത്തില്‍ ഒന്നോ രണ്ടോ സീനില്‍ മാത്രം മുഖം കാണിച്ച് പോയ ഒരു പെണ്‍കുട്ടി ഇന്ന് തമിഴിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിറഞ്ഞ് നില്‍ക്കുകയാണ്. തെന്നിന്ത്യയിൽ അത്രത്തോളം സ്വീകാര്യതയാണ് ഈ മലയാളി പെണ്‍കുട്ടിക്ക് കിട്ടുന്നത്. ഒറ്റയ്ക്ക് വഴിവെട്ടി വന്ന പെണ്‍കുട്ടിയെന്ന് ഒറ്റവാചകത്തില്‍ മമിതയെ പറയാം. സ്വന്തം പരിശ്രമം സിനിമയോടുള്ള ഭ്രമം മമിത ഇന്ന് മലയാളവും തമിഴും കടന്ന് നിറസാന്നിധ്യമാണ്.