മലയാളി കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഹാസ്യ പരിപാടി, ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’യില്‍ (OCICBC) ഈ സീസണിലെ ചിരിയുടെ പരമോന്നത ബഹുമതിയായ ‘ബംബർ രാജ’യെ കണ്ടെത്താനുള്ള ‘ബംബർ രാജാ വാര’ത്തിന് തുടക്കം. ഉയർന്ന നിലവാരമുള്ളതും പുതുമയേറിയതുമായ നർമ്മത്തിലൂടെ മികച്ച പ്രേക്ഷക പിന്തുണ നേടിയ പരിപാടിയാണ് മഴവില്‍ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’.
സീസണിലെ ഏറ്റവും വലിയ കിരീടത്തിനായി 20 അസാധാരണ പ്രതിഭകളാണ് മത്സരിക്കുന്നത്. ഇതിൽ ഏറ്റവും മികച്ച 15 കോമഡി ടീമുകളും 5 സ്റ്റാൻഡപ് കൊമേഡിയന്മാരും ഉൾപ്പെടുന്നു. കോമഡി സ്കിറ്റുകളും സ്റ്റാൻഡപ് കോമഡിയും ഒരേ വേദിയിൽ സംഗമിക്കുന്ന ഈ പരിപാടി, ഹാസ്യത്തിന്റെ വിവിധ ശൈലികളെ ഒന്നിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിലെ സാധാരണ സംഭവങ്ങളെയും സാമൂഹിക വിഷയങ്ങളെയും ആസ്പദമാക്കിയുള്ള ഇവരുടെ പ്രകടനങ്ങൾ പ്രേക്ഷകർക്ക് അളവറ്റ വിനോദവും മാനസികോല്ലാസവും ഉറപ്പാക്കുന്നു.
‘ബംബർ രാജാ വാര’ത്തിന്' കൂടുതൽ പ്രൗഢി നൽകി സംവിധായകരായ ലാൽ ജോസ്, ജോണി ആന്റണി എന്നിവർ പ്രത്യേക അതിഥികളായി എത്തും. ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്ന ‘ബംബര്‍ രാജ’യെ തിരഞ്ഞെടുക്കാനും പരിപാടിയുടെ തിളക്കംകൂട്ടാനും ചലച്ചിത്രതാരം മുകേഷും എത്തുന്നു. മഞ്ജു പിള്ള, കോട്ടയം നസീർ, ബിബിന്‍ ജോര്‍ജ് എന്നിവരടങ്ങിയ സ്ഥിരം ജൂറി അംഗങ്ങളാണ് മത്സരാർത്ഥികളുടെ പ്രകടനങ്ങൾക്ക് ‘ചിരി മാർക്കുകൾ’ നൽകുന്നത്. പ്രേക്ഷക പ്രതിനിധികൾ എന്ന അർത്ഥത്തിൽ ജൂറി അംഗങ്ങളെ 'പ്രേ പ്രാ' എന്നാണ് അഭിസംബോധന ചെയ്യുന്നത്.
‘ബംബർ രാജാ’ വാരത്തിനുശേഷം, ആവേശകരമായ മത്സരത്തിന് സമാപനം കുറിക്കുന്ന എപ്പിസോഡുകള്‍ ശനിയും ഞായറുമായി മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യും. കേരളത്തിന്റെ ചിരി ഉല്‍സവവേദിയായ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30നും ശനി, ഞായർ എപ്പിസോഡുകൾ രാത്രി 9 മണിക്കും മഴവിൽ മനോരമയിൽ കാണാം.