മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടി ശാലിനിയുടേത്. ശാലിനിയും അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ്.
ഇപ്പോഴിതാ അജിത്തും കുടുംബവും കേരളത്തിലെത്തി ക്ഷേത്രദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. അപ്രതീക്ഷിത വരവായതിനാല്‍ ആരാധകരുടെ തിരക്കോ ഒച്ചപ്പാടുകളോ ഒന്നും ഉണ്ടായിരുന്നില്ല. പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് അജിത് കുമാറെത്തിയത്. നടന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിതെന്നാണ് ലഭ്യമാകുന്ന വിവരം.
ക്ഷേത്രത്തിലെത്തിയ നടന്‍റെ ലുക്കും ടാറ്റൂവുമാണ് പ്രധാനമായും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിംപിൾ ലുക്കില്‍ മുണ്ടും, മേൽമുണ്ടും ധരിച്ചാണ് അജിത് അമ്പലത്തിൽ എത്തിയത്. നടന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി വലിയൊരു ടാറ്റൂവും ചെയ്തിരിക്കുന്നത് കാണാം. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് പച്ച കുത്തിയിരിക്കുന്നത്.
ഈ വർഷം രണ്ട് സിനിമകളാണ് അജിത് അഭിനയിച്ചിരുന്നത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രത്തിന് പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി.