TOPICS COVERED

ഉദ്ഘാടന പരിപാടികളിലെ വസ്ത്രധാരണത്തെ പറ്റി പലകുറി ട്രോളുകൾക്ക് ഇരയായ താരമാണ് നടി അന്ന രേഷ്മ രാജൻ. ഇപ്പോഴിതാ ശരീരഭാരം കുറച്ചതിനെക്കുറിച്ചും തന്നിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇത് ‘എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ലെന്നും, കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നും അവർ വ്യക്തമാക്കി. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും നടി വെളിപ്പെടുത്തി.

‘സുഹൃത്തുക്കളേ, ഞാൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നതല്ല - എന്റെ ഭാരം കുറയ്ക്കാൻ ഞാൻ വളരെയധികം പരിശ്രമിച്ചു. ഇപ്പോൾ എന്റെ വണ്ണം കുറഞ്ഞു, എനിക്കിപ്പോൾ വളരെ സന്തോഷമുണ്ട്, ശരീരം വളരെയധികം ആരോഗ്യകരമായതായി തോന്നുന്നു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ഞാൻ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ്. തടികുറച്ചപ്പോൾ എനിക്ക് മുമ്പത്തേക്കാൾ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോൾ ഏറെ ആത്മവിശ്വാസം തോന്നുന്നു എന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഇപ്പോഴും ഞാൻ എന്റെ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഞാൻ എക്സ്ട്രാ ഫിറ്റിങ് വയ്ക്കുന്നുണ്ടെന്ന രീതിയിലുള്ള കുറെ കമന്റുകൾ കാണാറുണ്ട്. സത്യം പറഞ്ഞാൽ ഞാൻ അത് ആസ്വദിച്ചു. കാരണം ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്ന യഥാർഥ ഞാൻ. ഒടുവിൽ, ഞാൻ അത് നേടി.

എല്ലാ യൂട്യൂബർമാരോടും, എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും, ഞാൻ ഇത്രയും കാലം നിശ്ശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിനാൽ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക -പക്ഷേ അത് ദയയുള്ളതായിരിക്കട്ടെ.’ അന്ന രാജൻ കുറിപ്പ്.

ENGLISH SUMMARY:

Anna Reshma Rajan's weight loss journey is an inspiring tale of dedication and self-love. She openly discusses her battle with Hashimoto's thyroiditis and the hard work she put into achieving her health goals, defying body shaming trolls.